മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുകയാണ. ജീവിതത്തിലേക്കും, മലയാള സിനിമയിലേക്കും. കാറപകടത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജഗതി ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പേയാടുള്ള വസതിയിലെത്തിയത്.

Ads By Google

ജഗതിയുടെ ആരോഗ്യനിലയില്‍ ഏറെ മാറ്റമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്‍കുന്ന വിവരം. വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള ചികിത്സ തന്നെയായിരിക്കും ഇനിയും അദ്ദേഹത്തിന് തുടരുക.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെങ്കിലും സംസാരശേഷി ഇനിയും പൂര്‍ണമായി തിരിച്ചുകിട്ടിയിട്ടില്ല. രണ്ടുമാസം വീട്ടിലെ ചികിത്സ തുടര്‍ന്നതിനുശേഷം വെല്ലൂരിലെ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് തുടര്‍ചികിത്സ തീരുമാനിക്കും.

നടന്‍ കലാഭവന്‍ മണിയുടെ കാരവന്‍ വാനിലായിരുന്നു ജഗതി വീട്ടില്‍ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ വരവിനായി കാത്ത് മാധ്യമപ്രവര്‍ത്തകരും ആരാധകരും കാത്തിരിക്കുകയായിരുന്നു. മകന്‍ രാജു, മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരോടൊപ്പമാണ് അദ്ദേഹം വന്നിരുന്നത്.

വെല്ലൂരില്‍ നിന്നുളള ഫിസിയോ തെറാപ്പിസ്റ്റും ജഗതിക്കൊപ്പം എത്തിയിട്ടുണ്ട്. വെല്ലൂരെ ചികിത്സ തുടരുന്നതിനൊപ്പം ആയുര്‍വേദ ചികിത്സ തുടങ്ങാനും പദ്ധതിയുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.

എന്നാല്‍ വീട്ടില്‍ സന്ദര്‍ശകര്‍ക്കും മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുളളില്‍ ജഗതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാമെന്ന് ബന്ധുക്കള്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് കോഴിക്കോട്ടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതിയെ ഏപ്രില്‍ 12 ന് ആണ് വിദഗ്ധ ചികിത്സക്കായി വെല്ലൂരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന്റെ ഇടതുഭാഗത്ത് ക്ഷതമേറ്റതു മൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളര്‍ന്ന നിലയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ആളുകളെ തിരിച്ചറിയാനും സംസാരിക്കുന്നത് മനസ്സിലാക്കാനും കഴിയും.