കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ രണ്ടാംഘട്ട ശസ്ത്രക്രിയക്ക് വിധേയനാക്കി. വലതു കൈയ്യിലും വലതു കാലിലും ഇടുപ്പെല്ലിലുമായിരുന്നു ശസ്ത്രക്രിയ.

അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവില്‍ വ്യത്യാസമുണ്ടായെങ്കിലും പിന്നീട് സാധാരണ നിലയിലായതോടെ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, ജഗതിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രണ്ടാംഘട്ട ശസ്ത്രക്രിയക്ക് ശേഷവും ജഗതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകും വരെ വെന്റിലേറ്ററില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്.

അതിനിടെ, നടനും താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ഇന്നസെന്റ് ജഗതിയെ സന്ദര്‍ശിച്ചു. ജഗതിയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ ‘അമ്മ’ തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശനിയാഴ്ച രാവില 5:30 ഓടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവില്‍ ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തൃശൂരില്‍ പദ്മകുമാറിന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കുടകിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

Malayalam news

Kerala news in English