എഡിറ്റര്‍
എഡിറ്റര്‍
ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി: ഇന്ന് വീണ്ടും ശസ്ത്രക്രിയ
എഡിറ്റര്‍
Tuesday 13th March 2012 10:06am

കോഴിക്കോട്: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ കൂടി നടത്തുന്നുണ്ട്.നാളെ ജഗതിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മസ്തിഷ്‌കത്തിന്റേയും നാഡീവ്യവസ്ഥകളുടേയും പ്രവര്‍ത്തനങ്ങളെ കുറിച്ച് തുടര്‍പരിശോധനകള്‍ നടത്തു്ന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. മയക്കം തെളിയുന്ന സമയങ്ങളില്‍ ജഗതി സംസാരിക്കുന്നുണ്ട്. തുടയെല്ലിനും കാലിനും കൈയ്ക്കുമാണ് ഇന്ന് ശസ്ത്രക്രിയ നടക്കുക.

ജഗതി ശ്രീകുമാറിന് മികച്ച ചികില്‍സ ലഭ്യമാക്കുന്നതിനായി മിംസ് ആശുപത്രിയിലെ ഡോ.കെ.കെ.വര്‍മ്മ, ഡോ.അബ്ദുല്ല ചെറയക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ 10 വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക മെഡിക്കല്‍ സംഘം രൂപവല്‍ക്കരിച്ചിട്ടുണ്ട്.

ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇന്നലെയും ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ആശുപത്രിയിലെത്തിയിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവിലായിരുന്നു ജഗതിയുടെ കാര്‍ അപകടത്തില്‍പെട്ടത.  തൃശൂരില്‍ പദ്മകുമാറിന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കുടകിലേക്കുള്ള യാത്രാമധ്യേ ആണ് അപകടം. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ജഗതിയുടെ സ്ഥിരം െ്രെഡവറായ പെരുമ്പാവൂര്‍ സ്വദേശി പി. പി. സുനില്‍കുമാറാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കാലൊടിഞ്ഞിട്ടുണ്ട്.

കോഴിക്കോട്ട് ആശുപത്രിയില്‍ രോഗിയെ ഇറക്കി മടങ്ങിയ ആംബുലന്‍സും നഴ്‌സുമാരും അപകടം നടന്ന സ്ഥലത്ത് എത്തി പ്രഥമ ശുശ്രൂഷ നല്‍കി കോഴിക്കോട് മിംസ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ നില വഷളാവുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.

Malayalam news

Kerala news in English

Advertisement