ന്യൂദല്‍ഹി: ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഢിയുടെ പുത്രനുമായ ജഗന്‍മോഹന്‍ റെഢി വീണ്ടും വിവാദത്തിലേക്ക്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ വിമര്‍ശിക്കുന്ന പരിപാടി സ്വന്തം ചാനലായ ‘സാക്ഷി’ യിലൂടെ സംപ്രേഷണം ചെയ്തതാണ് പ്രശ്‌നമായിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ച്ചയുമാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ഇകഴ്ത്തിയുള്ള പരിപാടി സംപ്രേഷണം ചെയ്തത്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുന്നു എന്ന സന്ദേശം നല്‍കുന്നതായിരുന്നു പരിപാടി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും പരിപാടിയില്‍ വിമര്‍ശിക്കുന്നുണ്ട്.

അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് ഘടകത്തോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.