ഹൈദരാബാദ്: തന്റെ കമ്പനികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുമായി ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. ജഗനെതിരായ കേസില്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ്് സി.ബി.ഐ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആറിന്റെയും അജ്ഞാതരായ ചില പൊതുപ്രവര്‍ത്തകരുടെയും സഹായം ജഗന്‍ നേടിയിരുന്നു. ജഗന്റെ കമ്പനികള്‍ക്ക് അനുകൂലമായ രീതിയില്‍ ചില ഉത്തരവുകള്‍ പാസാക്കുന്നതിനും മറ്റുമായി ഇവരുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും എഫ്.ഐ.ആറില്‍ പറയുന്നു. ഇതിനു പ്രത്യുപകരമായി ഈ കമ്പനികള്‍ അജ്ഞാതരുടെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍സ് , സന്തൂര്‍ പവ്വര്‍ കമ്പനി ലിമിറ്റഡ്, കാര്‍മല്‍ ഏഷ്യ ഹോള്‍ഡിംങ്‌സ്, ഭാരതി സിമന്റ്‌സ് തുടങ്ങിയ കമ്പനികളില്‍ കോടികള്‍ നിക്ഷേപിച്ചതായും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ ഗുഢാലോചന, ചതി, വിശ്വാസ വഞ്ചന, കണക്കില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ പെരുമാറ്റദൂഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.