ഹൈദരാബാദ്: ആന്ധ്രപ്രദേശിയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ കോണ്‍ഗ്രസ് നേതാവും കടപ്പ എം പി യുമായ ജഗന്‍മോഹന്‍ റെഡ്ഡി രാജിവെച്ചു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായുണ്ടായ തര്‍ക്കമാണ് ജഗന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. റെഡ്ഡിയുടെ മാതാവ് വിജയലക്ഷ്മി അമ്മയും തന്റെ എം എല്‍ എ സ്ഥാനം രാജിവച്ചിട്ടുണ്ട്.

നേരത്തേ ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനലില്‍ കോണ്‍ഗ്രസിനെതിരേയും സോണിയാ ഗാന്ധിക്കെതിരേയും പരാമര്‍ശമടങ്ങുന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരേ കേന്ദ്രത്തില്‍ നിന്നും ജഗന് വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന പരിപാടികളായിരുന്നു സാക്ഷി സംപ്രേഷണം ചെയ്തത്.

എന്നാല്‍ കിരണ്‍കുമാര്‍ റെഡ്ഡിയുടെ കീഴിലുള്ള പുതിയ സംസ്ഥാന മന്ത്രിസഭയുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്നും സൂചയുണ്ട്. ജഗന്‍മോഹന്റെ എതിരാളിയും ബന്ധുവുമായ വൈ എസ് വിവേക റെഢിയെ മന്ത്രിസഭയിലുള്‍പ്പെടുത്താനുള്ള തീരുമാനവും രാജിക്ക് കാരണമായി.

അതിനിടെ ജഗന്‍മോഹന്‍ റെഡ്ഡി പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അഭ്യൂഹമുണ്ട്. എത്ര എം എല്‍ എമാര്‍ ജഗന് പിന്തുണ നല്‍കുമെന്നത് വ്യക്തമല്ല. അനാരോഗ്യം കാരണം റോസയ്യ ആന്ധ്ര മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു.