ഹൈദരാബാദ്: ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ ഇത് നിരാഹാരങ്ങളുടെ കാലമാണ്. ആദ്യം ചന്ദ്രബാബു നായിഡു തുടങ്ങിയത് ഇപ്പോള്‍ ജഗന്‍മോഹന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈയിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് 48 മണിക്കൂര്‍ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആന്ധ്രയില്‍ അടിക്കടിയുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങിയത്. ജഗന്റെ നിരാഹാരവും കര്‍ഷകര്‍ക്കുവേണ്ടിയാണ്. പിറന്നാള്‍ ദിനത്തിലാണ് ജഗന്റെ നിരാഹാരമെന്നതും ശ്രദ്ധേയമാണ്. ജഗന്‍ ഇന്ന് മുപ്പത്തിയെട്ടിലേക്ക് കടക്കുകയാണ്. വിജയവാഡയിലെ ദുര്‍ഗാക്ഷേത്രം സന്ദര്‍ശനത്തോടെയാണ് ജഗന്റെ പിറന്നാള്‍ ദിനം ആരംഭിച്ചത്.

Subscribe Us:

കൃഷ്ണനദിയുടെ തീരത്തുള്ള ഒരു വലിയ സ്റ്റേജിലാണ് ജഗന്‍ നിരാഹാരമിരിക്കുന്നത്. വന്‍ ജനക്കൂട്ടമാണ് ഇതിനു ചുറ്റും കൂടിയിരിക്കുന്നത്. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളിക്കാവുന്ന വേദിയാണ് ജഗനുവേണ്ടി ഒരുക്കിയിരിക്കുന്നത്. ജഗന്റെ നിരാഹാര വിവരമറിഞ്ഞ് ആന്ധ്രയിലെ എല്ലാജില്ലകളിലും നിന്നും പ്രത്യേകിച്ച് തീരദേശ മേഖലയുള്ള കര്‍ഷകര്‍ സമരവേദിക്കടുത്തെത്തിയിട്ടുണ്ട്.