തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ‘നമ്മള്‍ തമ്മില്‍’ അവതാരക സ്ഥാനത്ത് നിന്ന് നടന്‍ ജഗദീഷിനെ മാറ്റാന്‍ തീരുമാനം. ശ്രീകണ്ഠന്‍ നായര്‍ വിരമിച്ചതിനെ തുടര്‍ന്ന് അവതാരക സ്ഥാനത്തേക്ക് നിയമിതനായ ജഗദീഷ് അടുത്ത എപ്പിസോഡ് ഉണ്ടാകില്ലെന്നാണ് സൂചന. പുതിയ അവതാരകന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

പല ചാനലുകളിലും ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിരുന്നവരുള്‍പ്പെടെ ഏതാനും പേരാണു പരിഗണനയില്‍. ഇവരില്‍ ചിലരെ ഇന്റര്‍വ്യൂ ചെയ്തുകഴിഞ്ഞു. നമ്മള്‍ തമ്മിലില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വോഡഫോണ്‍ കോമഡിടൈം ജഡ്ജിംഗ് പാനലില്‍ ജഗദീഷ് തുടരും. നമ്മള്‍ തമ്മില്‍ അവതരിപ്പിക്കുന്നതില്‍ ജഗദീഷിന്റെ പ്രകടനം ശരാശരിക്കു താഴെയാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.

ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ്കൂടിയായിരുന്ന ശ്രീകണ്ഠന്‍ നായര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ജഗദീഷിനെ അവതാരകനാക്കിയത്. ഏഷ്യാനെറ്റിന്റെ തുടക്കം മുതല്‍ നമ്മള്‍ തമ്മില്‍ അവതരിപ്പിചിരുന്നത് ശ്രീകണ്ഠന്‍ നായരായിരുന്നു.

സെപ്റ്റംബര്‍ ആറിന് ശ്രീകണ്ഠന്‍ നായര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് അതിന്റെ തൊട്ടടുത്ത എപ്പിസോഡ് മുതല്‍ തന്നെ ജഗദീഷ് പകരക്കാരനായി എത്തുകയായിരുന്നു. എന്നാല്‍ അതിനുശേഷമുള്ള ഒന്നര മാസത്തിനിടെ നമ്മള്‍ തമ്മിലിന്റെ റേറ്റിങ് കുത്തനെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്. ജഗദീഷ് നമ്മള്‍ തമ്മില്‍ അവതാരകനായി വന്നശേഷം സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളാണു കൂടുതലും ചര്‍ച്ച ചെയ്തത്.

ജദഗീഷിനെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം വളരെ പെട്ടെന്നു തന്നെ സ്വീകരിക്കാന്‍ ഇതെല്ലാം പ്രേരണയായി മാറി. നിശ്ചിത എണ്ണം എപ്പിസോഡുകള്‍ അവതരിപ്പിക്കുന്നതിനുള്ള കരാറാണ് ജഗദീഷുമായി ഏഷ്യാനെറ്റ് ഒപ്പുവെച്ചിരുന്നത്. അത് പൂര്‍ത്തിയായിട്ടില്ല. എങ്കിലും കരാറില്‍ നിന്ന് ഉഭയകക്ഷികളില്‍ ആര്‍ക്കും ഇടയ്ക്കുവെച്ച് പിന്‍മാറാമെന്ന വ്യവസ്ഥ വിനിയോഗിക്കാനാണ് ചാനലിന്റെ തീരുമാനം.