കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷിക്കനുസരിച്ച് വിശ്വാസികള്‍ക്ക് വോട്ട് ചെയ്യാമെന്ന് യാക്കോബായ സഭ. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും തുല്യനിലപാടുകള്‍ വിലയിരുത്തി വോട്ട് ചെയ്യാന്‍ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും അവകാശമുണ്ടെന്നും യാക്കോബായ സഭ മെത്രാപ്പോലീത്ത കുര്യക്കോസ് മാര്‍ തിയോഫിലോസ് പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് യാക്കോബായ സഭക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നിട്ടില്ല. അതേസമയം, യു.ഡി.എഫ് സര്‍ക്കാര്‍ സഭക്ക് എതിരല്ലെന്ന വസ്തുത തെളിയിക്കേണ്ടതുണ്ടെന്നും ഇതിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കല്‍ എം.എസ്.ഒ.ടി ഉദയഗിരി സെമിനാരി സന്ദര്‍ശിച്ച മുന്‍മന്ത്രി എം.എ ബേബിയുമായുള്ള സൗഹൃദ സംഭാഷണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സെമിനാരിയുടെ റസിഡന്റ് മെത്രോപ്പോലീത്ത കുര്യക്കോസ് മാര്‍ തിയോഫിലോസ്.

സമീപകാല സംഭവങ്ങള്‍ സഭയെ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. അത് പിറവം ഉപതിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. ഈ വികാരങ്ങള്‍ ഉള്‍ക്കൊണ്ട നിലപാടായിരിക്കും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. നീതി ആര് തരുമെന്ന കാര്യം തിരിച്ചറിയാനുള്ള കഴിവ് വിശ്വാസികള്‍ക്കുണ്ട്. സാമൂഹിക നീതിയുടെ നിലനില്‍പ്പിനും സഭയുടെ നീതി സംരക്ഷിക്കപ്പെടാനും സഹായിക്കുന്നവരെയാകും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക. ഇതലപ്പുറമുള്ള രാഷ്ട്രീയ നിലപാട് സഭക്കില്ല. എന്നാല്‍ സഭ സമൂഹത്തിന്റെ ഭാഗമായതിനാല്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനും വിശ്വാസികള്‍ക്ക് അവകാശമുണ്ട്. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English