എഡിറ്റര്‍
എഡിറ്റര്‍
‘ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞാലേ കേസെടുക്കു’; സര്‍ക്കര്‍ നടപടിയോട് പ്രതിഷേധം വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍
എഡിറ്റര്‍
Thursday 16th March 2017 8:40am

 

തിരുവനന്തപുരം: വിജിലന്‍സ് നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഡയറക്ടറേറ്റില്‍ ലഭിച്ച പരാതികള്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച് കൊടുത്ത ജേക്കബ് തോമസ് ഏതെങ്കിലും ഐ.എ.എസ് ഉദ്യോഗസ്ഥനെക്കൊണ്ട് പരിശോധിപ്പിച്ചശേഷം എടുക്കേണ്ട നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു.


Also read മോര്‍ച്ചറിയില്‍ സ്ഥലമില്ല; തൃശൂരില്‍ വീട്ടമ്മയുടെ മൃതദേഹം രോഗികള്‍ക്കൊപ്പം കിടത്തിയത് 12 മണിക്കൂര്‍ 


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശത്തോടുള്ള പ്രതിഷേധമായിട്ടാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതി സംബന്ധിച്ച പരാതികള്‍ വകുപ്പു തലത്തില്‍ പരിശോധിച്ചശേഷം മാത്രം വിജിലന്‍സിനു നല്‍കിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വരെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ തപാലിലും ഇ-മെയിലിലും ലഭിച്ച 62 പരാതികളാണ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അയച്ച് നല്‍കിയത്. ഇതെല്ലാം വിശദമായി പരിശോധിക്കാന്‍ ഐ.എ.എസ് തലത്തിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന കത്തുള്‍പ്പെടെയാണ് പരാതികള്‍ കൈമാറിയത്.

നേരത്തെ ഹൈക്കോടതി കേരളത്തില്‍ വിജിലന്‍സ് രാജാണോ എന്ന പരാതി ഉയര്‍ത്തിയപ്പോഴും വിജിലന്‍സ് പരസ്യ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ‘ഇവിടെ വലിയ അഴിമതി പരാതികള്‍ സ്വീകരിക്കില്ല’ എന്നു ഡയറക്ടറേറ്റിലെ ഔദ്യോഗിക ബോര്‍ഡില്‍ നോട്ടീസ് പതിക്കുകയായിരുന്നു അന്ന്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് നോട്ടീസ് മാറ്റിയത്.

കോടതിയ്ക്ക് പിന്നാലെ നിയന്ത്രണങ്ങളുമായി സര്‍ക്കാരും രംഗത്തെത്തിയതോടെ വിജിലന്‍സ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിരുന്നു. അഴിമതി കണ്ടെത്തിയാല്‍ നിയപരമായി തടയാം അല്ലാതെ നിരപരാധികളെ അന്വേഷണത്തിന്റെ പേരില്‍ ക്രൂശിക്കരുതെന്നായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

Advertisement