ഇടുക്കി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.

അന്വേഷണം വളരെ സത്യസന്ധമായാണ് നടക്കുന്നത്. അതിന് ആരുടേയും സമ്മര്‍ദ്ദമോ പ്രേരണയോ ഇല്ല. സമഗ്രവും ശക്തവുമാണ് അന്വേഷണം. സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റ് ചെയ്യിക്കേണ്ട സാഹചര്യമല്ല ഇവിടെയുള്ളത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം ഓഫീസ് സെക്രട്ടറി സി. ബാബുവിനെ ജാമ്യത്തില്‍ വിട്ടത് നിയമാനുസൃതമാണെന്നും ഡി.ജി.പി വ്യക്തമാക്കി. ജാമ്യം നല്‍കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും ഡി.ജി.പി പറഞ്ഞു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി അതാത് സമയങ്ങളില്‍ വിലയിരുത്തുന്നുണ്ട്. ആരുടേയും സമ്മര്‍ദ്ദം ടി.പി വധക്കേസ് അന്വേഷണത്തില്‍ സംഭവിച്ചിട്ടില്ല-അദ്ദേഹം വ്യക്തമാക്കി.