ആലുവ: മണിചെയിന്‍വഴി സംസ്ഥാനത്ത് 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഡി.ജി.പി ജേക്കബ് പുന്നൂസ്.

ആലുവയില്‍ചേര്‍ന്ന പോലീസ് ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന മണിചെയിന്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലക്ഷക്കണക്കിനാളുകള്‍ മണിചെയിന്‍വഴി തട്ടിപ്പിനിരയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണിചെയിന്‍ തട്ടിപ്പില്‍ പോലീസുദ്യോഗസ്ഥരെ ചേര്‍ക്കുന്നത് വിശ്വാസ്യത വര്‍ധിപ്പിക്കാനാണെന്നും മണിചെയിന്‍ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ക്രൈബ്രാഞ്ചില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

അതോടൊപ്പംതന്നെ ഫഌറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി മുന്‍കൂറായി പണം വാങ്ങുന്നതിനെതിരെയും നടപടിയുണ്ടാവും.

എല്ലാ കമ്പനികളും തട്ടിപ്പുനടത്തുന്നു എന്നു പറയുന്നതിലര്‍ത്ഥമില്ല. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമുണ്ട്. എന്നാല്‍ നിയമവിരുദ്ധമെന്ന നിലയ്ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ പോലീസിനു കൈമാറേണ്ടതുണ്ട്. കമ്പനിയുടെ തലപ്പത്തിരിക്കുന്നവര്‍ മാത്രമല്ല, ഇതിനു വേണ്ടി ആളെ ചേര്‍ത്തവരും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാണെന്ന് ഡി.ജി.പി വ്യക്തമാക്കി.