Administrator
Administrator
കുരിയാര്‍കുറ്റി കാരപ്പാറ കേസ്: ജേക്കബിനെ ഒഴിവാക്കി
Administrator
Tuesday 16th August 2011 1:22pm

muringoor caseന്യൂദല്‍ഹി : കുരിയാര്‍ കുറ്റി കാരപ്പാറ അഴിമതിക്കേസില്‍ നിന്നും ടി.എം ജേക്കബിനെ ഒഴിവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. കേസില്‍ ഒമ്പതാം പ്രതിയായിരുന്നു ടി.എം ജേക്കബ്.

മന്ത്രി ടി.എം ജേക്കബിനെയും ഏഴു കൂട്ടുപ്രതികളെയും ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. എന്നാല്‍ ജേക്കബിനെതിരെ തെളിവില്ലെന്ന സര്‍ക്കാര്‍ വാദത്തെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ വെറുതെവിടുകയായിരുന്നു.

അഡ്വ കെ.കെ വേണുഗോപാലാണ് ടി.എം ജേക്കബിനുവേണ്ടി കോടതിയില്‍ ഹാജരായത്. കുരിയാര്‍കുറ്റി കാരപ്പാറ ജലസേചന പദ്ധതിയില്‍ മൂലത്തറ കനാല്‍ നിര്‍മ്മാണത്തിന് കരാറുകാരന് അധികമായി പണം അനുവദിച്ചതുവഴി സര്‍ക്കാരിന് 57 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണം നടന്നതായി വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഇതില്‍ ആദ്യത്തെ അന്വേഷണത്തില്‍ ജേക്കബിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടാമത് വിജിലന്‍സ് വകുപ്പ് നടത്തിയ പുനരന്വേഷണത്തില്‍ ജേക്കബിനെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും മറച്ചുവച്ചെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

കേസില്‍ വിചാരണനടപടികള്‍ പൂര്‍ത്തിയാകാത്തിനാല്‍ ജേക്കബിനെ ഒഴിവാക്കണമോ എന്ന് കോടതി സര്‍ക്കാരിനോട് അഞ്ച് തവണ ആവര്‍ത്തിച്ചു ചോദിച്ചു. എന്നാല്‍ ജേക്കബിനെതിരെ തെളിവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.

Advertisement