ലണ്ടന്‍ : പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സണിന്റെ പ്രേതം അലഞ്ഞു നടക്കുന്നുണ്ടോ?മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ജാക്‌സണിന്റെ പ്രേതം അദ്ദേഹം മരിച്ചുകിടന്ന ബംഗ്ലാവില്‍ ഇപ്പോഴും പാട്ട് പാടിയും നൃത്തം ചെയ്തും നടക്കുന്നുണ്ടത്രേ.

മരണാനന്തര  ജീവിതത്തെ കുറിച്ച് പറയുന്ന ജാക്‌സണിന്റെ ത്രില്ലര്‍ എന്ന ആല്‍ബത്തിലേതുപോലെ അദ്ദേഹം പാട്ടുപാടി നടക്കുന്നത് കണ്ടുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ജാക്‌സണിന്റെ ബംഗ്ലാവില്‍ ഇടയ്ക്കിടെ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടെന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. അദ്ദേഹം മരണാന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്നു, അതേ പോലെ അദ്ദേഹം തിരിച്ചുവരികയും ചെയ്തു-  അവര്‍ പറയുന്നു.

തന്റെ മക്കള്‍ക്കൊപ്പം കൊട്ടാര സദൃശ്യമായ ഈ ബംഗ്ലാവിലായിരുന്നു ജാക്‌സണ്‍ താമസിച്ചിരുന്നത്.

ജാക്‌സണ്‍ വിടപറഞ്ഞ് രണ്ട് വര്‍ഷം തികയുന്ന അവസരത്തില്‍ തന്നെ അദ്ദേഹത്തിന്റെ പ്രേതം വന്നുവെന്ന വാര്‍ത്ത അല്‍പ്പം അതിശയോക്തിയോടെയാണ് ലോകം കേട്ടത്.

80 കളില്‍ പോപ്പ് സംഗീതലോകത്തെ അവിഭാജ്യ ഘടകമായിരുന്ന മൈക്കല്‍ ജാക്‌സണ്‍ സംഗീതത്തിനൊപ്പം തന്റെ ചടുലമായ നൃത്തം കൊണ്ടും ആരാധകരെ ആസ്വാദനത്തിന്റെ പരകോടിയിലെത്തിച്ചു. അദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീന്‍, ത്രില്ലര്‍ എന്നീ ആല്‍ബങ്ങള്‍ റെക്കോര്‍ഡ് കളക്ഷനോടെയാണ് വിറ്റഴിച്ചത്.

വ്യക്തി ജീവിതത്തില്‍ ജാക്‌സണ്‍ പക്ഷേ ആരാധകര്‍ക്ക് അജ്ഞാതനായിരുന്നു. ധാരാളം നിഗൂഢതകള്‍ നിറഞ്ഞ ജാക്‌സണിന്റെ സ്വകാര്യ ജീവിതം അദ്ദേഹത്തിന്റെ പ്രേതം പോലെ തന്നെ ആരാധകരെയും ലോകത്തെയും ഇന്നും ആശയക്കുഴപ്പത്തിലാക്കുന്നതാണ്.

പുതിയ ആല്‍ബവുമായി സംഗീതലോകത്തേക്കുള്ള തന്റെ മടങ്ങിവരവിന് തയ്യാറെടുക്കുന്നതിനിടയില്‍ അമിതമായ വേദനസംഹാരികളുടെ ഉപയോഗം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു ഈ അതുല്യ കലാകാരന്‍.