പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ത്രില്ലര്‍ ജാക്കറ്റ് 1.8 മില്യണ്‍ ഡോളര്‍ ലേലംകൊണ്ടു. ടെക്‌സാസിലെ സ്വര്‍ണവ്യാപാരിയായ മില്‍ട്ടണ്‍ വെറെറ്റ് ആണ് ഈ ജാക്കറ്റ് ലേലത്തിലെടുത്തത്. ജാക്‌സന്റെ കടുത്ത ആരാധകനായ മില്‍ട്ടണ്‍ ജാക്‌സന്റെ മറ്റൊരു ജാക്കറ്റും ഗിറ്റാറും നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്.

ത്രില്ലര്‍ വീഡിയോ ആല്‍ബത്തില്‍ ധരിച്ചിരുന്ന രണ്ടു ജാക്കറ്റുകളിലൊന്നാണ് ലേലത്തില്‍പോയത്. മറ്റൊന്ന് ജാക്‌സന്റെ കുടുംബാംഗങ്ങളുടെ കൈവശമാണുള്ളത്.

ലേലത്തുകയില്‍ ഒരു ഭാഗം ജാക്‌സന്റെ രണ്ടു ബംഗാള്‍കടുവകളെ സംരക്ഷിക്കുന്ന ഷബല മൃഗസംരക്ഷണകേന്ദ്രത്തിന് നല്‍കും. ലേലത്തില്‍ ലഭിച്ച വസ്ത്രം പ്രദര്‍ശനത്തിന് ഉപയോഗിക്കുമെന്നും അതില്‍നിന്നും കിട്ടുന്ന വരുമാനം കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നും മില്‍ട്ടണ്‍ വ്യക്തമാക്കി.

1982 ലാണ് സംഗീതലോകത്ത് റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ച ജാക്‌സന്റെ ത്രില്ലര്‍ എന്ന ആല്‍ബം പുറത്തിറങ്ങുന്നത്. സംവണ്‍ ഇന്‍ ദ ഡാര്‍ക്ക് എന്ന ആല്‍ബത്തിലൂടെ മികച്ച കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നതും ഈ വര്‍ഷത്തിലാണ്. ത്രില്ലര്‍ എന്ന ആല്‍ബം ജാക്‌സണ് പ്രശസ്തിയിലേക്കുള്ള പടവുകളിലൊന്നായിരുന്നു. വിവാദങ്ങള്‍ ഈ പ്രശസ്തിയ്ക്ക് വിഘാതം സൃഷ്ടിച്ചില്ല. 109 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ആല്‍ബം 80 ആഴ്ചകളില്‍ ബില്‍ബോര്‍ഡ് 200 റേറ്റിങ്ങില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഒന്നായി തുടര്‍ന്നു. ഇതുവരെ ഈ റെക്കോര്‍ഡുകളൊന്നും ഭേദിക്കാന്‍ ഒരു സംഗീത ആല്‍ബത്തിനും കഴിഞ്ഞിട്ടില്ല.

2009 ജൂണ്‍ 25 നാണ് വിവാദങ്ങളും ദുരൂഹതയും ബാക്കിവെച്ച് ജാക്‌സണ്‍ ഇഹലോകത്തോട് വിടപറഞ്ഞത്. മരിച്ച് രണ്ടുവര്‍ഷമായിട്ടും അദ്ദേഹത്തിന്റെ മരണകാരണം വ്യക്തായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.