തിരുവനന്തപുരം: സിനിമാ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ജെ.ശശികുമാറിന്. മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച ശശികുമാര്‍ സ്വയം അടയാളപ്പെടുത്തുന്ന 141 ചിത്രങ്ങള്‍ സംഭാവന ചെയ്തതായി ജൂറി അംഗങ്ങള്‍ വിലയിരുത്തി.

Ads By Google

ഒരുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര്‍ജുനന്‍ മാസ്റ്റര്‍, പ്രിയദര്‍ശന്‍, രാഘവന്‍, സുകുമാരി, സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവരടങ്ങുന്നവരാണ്  ജൂറി അംഗങ്ങള്‍.

സംവിധായകന് പുറമേ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും ശശികുമാര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉദയായുടെ നിര്‍മ്മാണത്തില്‍ പ്രേംനസീറിനെ നായകനാക്കി 1952ല്‍ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പ്രേം നസീറിനെ നായകനാക്കി 84 ചിത്രങ്ങളും ഷീലയെ നായികയാക്കി 47 ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 130 ഓളം മലയാള ചിത്രങ്ങള്‍ക്ക് പുറമേ ഒരു തമിഴ് ചിത്രവും ശശികുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.