തിരുവനന്തപുരം: ജെ.എസ്.എസിന് ഇനി കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നാല് സീറ്റെന്ന വാഗ്ദാനം കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധിയാണ്. അഞ്ച് സീറ്റെന്ന അവരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഇനി ജെ.എസ്.എസിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഗൗരിയമ്മയുടെ നിലപാട്. സീറ്റിന്റെ എണ്ണത്തിലും അതെവിടെയൊക്കെ വേണമെന്ന കാര്യത്തിലും ജെ.എസ്.എസ് കടുംപിടുത്തത്തിലാണ്. നാല് സീറ്റ് വരെ ഗൗരിയമ്മക്ക് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചേര്‍ത്തല, കരുനാഗപ്പള്ളി, മാവേലിക്കര, കയ്പമംഗലം എന്നീ സീറ്റുകളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.