ചെന്നൈ: രാജ്യത്തെ പ്രമുഖ എജ്യുക്കേഷന്‍ ഗ്രൂപ്പായ് എവറോണ്‍ എജ്യുക്കേഷന്‍ ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യുട്ടീവി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഡോക്ടര്‍ ജംഷദ് ജെ ഇറാനി രാജിവെച്ചു. കെക്കൂലി കൊടുക്കുന്നതിനിടെ കമ്പനി സി.ഇ.ഒയും മലയാളിയുമായ പി.കിഷോറിനെ ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തൂടര്‍ന്നാണ് ഡോക്ടര്‍ ജംഷദ് ജെ ഇറാനി രാജിവെച്ചത്.

ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഡോക്ടര്‍ ഇറാനി 2010 ഡിസംബര്‍ ഒന്‍പതിനാണ് എവറോണിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ചുമതലയേറ്റെടുത്തത്. ഡോക്ടര്‍ ഇറാനിയുടെ രാജി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം എവറോണിന്റെ ആജീവനാന്ത ഡയറക്ടറായ സുഷാ ജോണിനെ പുതിയ സി.ഇ.ഒ ആയി നിയമിച്ചിട്ടുണ്ട്. ആദായനികുതി അഡീഷണല്‍ കമ്മീഷണര്‍ അഡാസു രവീന്ദ്രന്‍ന് 50 ലക്ഷംരൂപ കൈക്കൂലി കൊടുക്കവെ ചൊവ്വാഴ്ചയാണ് എവറോണ്‍ എജ്യുക്കേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറും മലയാളിയുമായ പി. കിഷോറിനെയും സഹായിയായ ഉത്തംചന്ദ് ബോറയെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്.

അഡാസു രവീന്ദ്രന്‍നെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എവറോണിന്റെ 60 കോടിയുടെ വരുമാനത്തിന് നികുതി ഇടാക്കാതിരിക്കാന്‍ അഡീഷണല്‍ കമ്മീഷണര്‍ക്ക് നുങ്കമ്പാക്കത്തെ ആദായനികുതി ഓഫീസില്‍വെച്ച് കൈക്കൂലി കൊടുക്കവെയാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന സ്ഥലത്തെത്തിയ സി.ബി.ഐ മൂവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐ നടത്തിയ പരിശോധനയില്‍ കിഷോര്‍ നല്‍കിയ പണം കണ്ടെടുത്തിരുന്നു. മൂന്നുപേരെയും മദ്രാസ് ഹൈക്കോടതി സമുച്ചയത്തിലുള്ള സി.ബി.ഐ. പ്രത്യേകകോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.