മുംബൈ: വിവാദമായ ജെ ഡേ കൊലപാതകക്കേസില്‍ മുംബൈ െ്രെകം ബ്രാഞ്ച്‌പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രം മോക്ക കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. അധോലോകനായകന്‍ ഛോട്ടാ രാജനടക്കം 11 പ്രതികളില്‍ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മുംബൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജെ ഡേ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ മാധ്യമപ്രവര്‍ത്തക ജിഗ്‌ന വോറയുടെ പേര് കുറ്റപത്രത്തില്‍ ഇല്ല. എന്നാല്‍, ജിഗ്‌നയുടെ പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

ജിഗ്‌നയെ നാര്‍ക്കോ അനാലിസിസിന് വിധേയയാക്കാന്‍ പോലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. ജിഗ്‌നയുടെ പൊലീസ് കസ്റ്റഡി ഡിസംബര്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

2011 ജൂണ്‍ 11ന് ഒരു ഉള്‍പ്രദേശത്ത് വെച്ചാണ് ജേഡേ കൊല്ലപ്പെട്ടത്. ബൈക്കില്‍ വന്ന ഒരു സംഘം ആളുകള്‍ ഇവരെ വെടിവയ്ക്കുകയായിരുന്നു. ജൂണ്‍ 27ന് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെ ഡേയെ വെടിവച്ച മലയാളിയായ സതീഷ് കാലിയ, ഛോട്ടാ രാജന്റെ സഹായി പോള്‍സണ്‍ ജോസഫ് എന്നിവരടക്കം 11 പ്രതികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

ജ്യോതിര്‍മയ് ഡേ എന്നാണ് ജെ ഡേ (56)യുടെ പൂര്‍ണ്ണ നാമം. ഹിന്ദുസ്ഥാന്‍ ടൈംസിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലും ജെ ഡേ ജോലി നോക്കിയിരുന്നു.

Malayalam News
Kerala News in Kerala