പര്‍ദധാരണവുമായി ബന്ധപ്പെട്ട് ജെ ദേവികയുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ആര്‍.കെ ബിജുരാജ് ഡൂള്‍ന്യൂസിലെഴുതിയ ലേഖനം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ബിജുരാജിന്റെ ലേഖനത്തിനെതിരെ ദേവിക നടത്തിയ വിമര്‍ശനവും അതിന് ബിജുരാജ് നല്‍തിയ മറുപടിയും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ജെ ദേവികയുടെ പ്രതികരണം

ഡിയര്‍ ബിജുരാജ്,
‘അപ്പോള്‍ നങ്ങേലി മുലയുരിഞ്ഞ് വച്ചതെന്തിന്?’ എന്ന ലേഖനത്തോടുള്ള എന്റെ അഭിപ്രായത്തെക്കുറിച്ച് ഇത്രയും നീണ്ട ഒരു പ്രതികരണം അയച്ചതിന് ആദ്യമേ നന്ദി പറയുന്നു. എന്നാല്‍ താങ്കള്‍ ഒരു സ്‌കോളറന്ന നിലയ്ക്കല്ല പ്രതികരിച്ചത്. മലയാളി സ്ത്രീകളെല്ലാം മുല പ്രദര്‍ശിപ്പിച്ചു നടക്കുന്നതിനെ അനുകൂലിക്കുന്ന ഒരു വ്യക്തിയായി എന്നെ ഉയര്‍ത്തിക്കാട്ടാനാണ് താങ്കള്‍ പ്രതികരണത്തിലൂടെ ശ്രമിച്ചത്.

ബ്ലൗസ് ധരിക്കാതെ പുറത്തിറങ്ങി നടക്കാന്‍ എന്നോടാവശ്യപ്പെടുന്ന പ്രതികരണം വിലകുറഞ്ഞതായിപ്പോയി. വിഷയത്തില്‍ എന്റെ നിലപാട് ആദ്യമേ വ്യക്തമാക്കട്ടെ. പൂര്‍ണവസ്ത്രധാരണത്തെയോ, വസ്ത്രമില്ലാ പുറത്തിറങ്ങുന്നതിനെയോ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ആണായാലും പെണ്ണായാലും ആളുകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന നിലപാടാണ് എന്റേത്. അതുകൊണ്ടുതന്നെ നഗ്നതയെക്കുറിച്ച് എന്തെങ്കിലും രീതിയിലുള്ള ചരിത്രപരമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ചരിത്രഗവേഷണത്തില്‍ മികച്ച പരിശീലനം ലഭിച്ച ആളാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ എന്റെ വര്‍ത്തമാന പ്രതിബദ്ധതകളെ ന്യായീകരിക്കാനായി ഭൂതകാലത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.

എന്റെ ലേഖനം വായിച്ച നിരവധി വായനക്കാരുണ്ട്. അക്കൂട്ടത്തില്‍ ഫെമിനിസ്റ്റുകളും ആന്റി ഫെമിനിസ്റ്റുകളും മതേതരവാദികളും മതമൗലികവാദികളും എല്ലാമുണ്ടാവാം. നഗ്നതയെ ന്യായീകരിക്കുന്ന തരത്തിലുള്ള അഭിപ്രായമാണ് ലേഖനങ്ങളിലൂടെ ഞാന്‍ വ്യക്തമാക്കുന്നത് എന്ന് അവരാരും അഭിപ്രായപ്പെടാനും ഇടയില്ല.

താങ്കളുടെ പ്രതികരണത്തില്‍ ഒരുതരത്തിലുള്ള ‘ഇടതുചിന്താഗതി’ വ്യക്തമാകുന്നുണ്ട്. താങ്കള്‍ വായനക്കാരുടെ മനസിലേക്ക് ഇറക്കിവിടാന്‍ ആഗ്രഹിക്കുന്ന പല സത്യങ്ങളും ഞാന്‍ നേരത്തേ എന്റെ ലേഖനങ്ങളിലൂടെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ താങ്കള്‍ മടിക്കുന്നു. സ്ത്രീയുടെ സഹായമില്ലാതെ, പരമ്പരാഗത സമ്പ്രദായത്തില്‍ നിന്നും പുറത്തുകടക്കാനാഗ്രഹിക്കുന്ന 20 ാം നൂറ്റാണ്ടിലെ ഒരു പരിഷ്‌ക്കരണവാദി സമൂഹത്തിന്റെ പ്രതിനിധിയാണ് താങ്കള്‍.

താങ്കളുടെ പല നിരീക്ഷണങ്ങളും തെറ്റാണെന്ന് സ്ഥാപിക്കപ്പെട്ടതാണ്. പൗരാണിക കേരള സാമൂഹ്യവ്യവസ്ഥയുടെ ദുഷ്ഫലങ്ങള്‍ എറ്റവുമധികം പേറിയിരുന്നത് സ്ത്രീകളായിരുന്നുവെന്ന താങ്കളുടെ വിലയിരുത്തല്‍ ശരിയല്ല. ജാതി-മത, വസ്ത്രധാരണ സംവിധാനങ്ങളുടെ ദുഷ്ഫലങ്ങള്‍ സ്ത്രീയും പുരുഷനും ഏതാണ്ട് ഒരേപോലെത്തന്നെ അനുഭവിച്ചിരുന്നു എന്നതാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

പക്ഷേ, താങ്കള്‍ അത് അംഗീകരിക്കുന്നില്ല. ഇത്തരം ചരിത്രവസ്തുതകളെക്കുറിച്ചോ ആധുനികതയെക്കുറിച്ചോ പഠിക്കുകയോ മനസിലാക്കുകയോ അല്ല താങ്കളുടെ ലക്ഷ്യം. മറിച്ച് എന്റെ ലേഖനത്തെ കരിവാരിത്തേക്കുക എന്നത് മാത്രമാണ്.

ബിജുരാജിന്റെ മറുപടി അടുത്ത പേജില്‍