കോഴിക്കോട്: ഹാദിയയെ എത്രയും പെട്ടെന്ന് അവരുടെ വീട്ടില്‍ സന്ദര്‍ശിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനോട് ജെ. ദേവിക. ഹാദിയുടെ വീട്ടിലെ അവസ്ഥയെപ്പറ്റിയും മറ്റും നേരിട്ട് സന്ദര്‍ശിച്ച് ആരായണമെന്നാണ് ജെ. ദേവിക ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

‘മരണശേഷം കൊണ്ടാടപ്പെടാനുള്ള രക്തസാക്ഷിയാക്കി അവളെ ആദരിക്കുന്നത് എത്ര അസഹ്യമായ ദുഷ്ടതയായിരിക്കും അവള്‍ മരിക്കാന്‍ വേണ്ടി കാത്തിരിക്കരുതേ എന്ന് വീണ്ടുംവീണ്ടും പറയുകയാണ്.’ അവര്‍ ആവശ്യപ്പെടുന്നു.

ഹാദിയയെ പിതാവിന്റെയും മാതാവിന്റെയും വീട്ടില്‍ താമസിപ്പിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. തീവ്ര ഹിന്ദുത്വവാദികളെ മാത്രമേ അവര്‍ കാണാന്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിങ്ങളുടെ സന്ദര്‍ശനം കോടതി ഉത്തരവിനു വിരുദ്ധമാവില്ലെന്നും അവര്‍ പറയുന്നു.

ഹാദിയയുടെ ജീവിതാവസ്ഥകളെപ്പറ്റി സര്‍ക്കാര്‍ അധികാരമുപയോഗിച്ചുതന്നെ കമ്മീഷന്‍ മുഖേന അന്വേഷണം നടത്താന്‍ ഇനി ഒട്ടുംവൈകിക്കൂട എന്നു പറഞ്ഞുകൊണ്ടാണ് ജെ. ദേവിക ഈ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.


Must Read: ‘ഈ കളിയില്‍ തോല്‍ക്കാന്‍ പോകുന്നത് നിങ്ങള്‍ മാത്രമാണ്’: ഹാദിയയുടെ മാതാപിതാക്കള്‍ക്ക് ജെ. ദേവികയുടെ തുറന്നകത്ത്


‘ഹാദിയയുടെ മനുഷ്യത്വത്തെപ്പറ്റി അധികാരികള്‍ ഓര്‍ക്കുക, അതിനെ പരിഗണിക്കുക. അവരുടെ മതംമാറ്റത്തോട് നമുക്ക് വിയോജിപ്പായിരിക്കാം. അതിനെ പിന്തുണച്ചവരെക്കുറിച്ച് അവിശ്വാസമായിരിക്കാം. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പ്രാഥമികതലത്തില്‍ അഭിസംബോധന ചെയ്യണമെങ്കില്‍ അവര്‍ സ്വതന്ത്രയായി പുറത്തുവരണം.’ അവര്‍ പറയുന്നു.

ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ന്യായാധിപന്മാരുടെ നടപടിയെ വിമര്‍ശിച്ചും ജെ. ദേവിക രംഗത്തുവന്നിരുന്നു. നിങ്ങളുടെ പൊള്ളത്തരത്തിന്റെ വില ഈ സമൂഹം മുഴുവന്‍ കൊടുക്കേണ്ടിവരുന്നു എന്നാണ് ജെ. ദേവിക പറഞ്ഞത്.

ഹാദിയയുടെ സംരക്ഷണത്തിന് പറ്റിയ ഇടം അവരുടെ മാതാപിതാക്കളുടെ വീടാണ് എന്ന തീരുമാനം വ്യക്തമാക്കുന്നത് നിങ്ങളുടെ അന്ധതയും കരുതലില്ലായ്മയുമാണെന്ന് ജെ. ദേവിക അഭിപ്രായപ്പെടുന്നു. ഹാദിയയെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിച്ചത്. ഒരു സ്ത്രീയ്ക്ക് സ്വന്തം വീട്ടില്‍ പോകാല്‍ ഇത്ര മടിയോ എന്ന് പലരും വിചാരിച്ചിട്ടുണ്ടാകണം. ഇസ്‌ലാമില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ ഹാദിയയുടെ ഈ ചെറുത്തുനില്‍പ്പിനെ മറ്റൊരുവിധത്തില്‍ വ്യാഖ്യാനിക്കില്ലായിരുന്നോ എന്നും അവര്‍ ചോദിക്കുന്നു.

മതം മാറാന്‍ കുടുംബപരമായ സാഹചര്യങ്ങള്‍ ഒരുപക്ഷേ ഉണ്ടായേക്കാമെന്നും അങ്ങനെയെങ്കില്‍ അവരെ വീട്ടിലേക്കല്ല, സുരക്ഷിതമായ സര്‍ക്കാര്‍മേല്‍നോട്ടത്തിലുള്ള മഹിളാസമഖ്യ പോലുള്ള സ്ഥലത്തേയ്ക്കല്ലേ വിടേണ്ടിയിരുന്നതെന്നും അവര്‍ ചോദിക്കുന്നു.