എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക: ഐ.വൈ.സി.സി
എഡിറ്റര്‍
Monday 10th July 2017 2:56pm

ബഹ്‌റൈന്‍: പ്രവാസികളായ ആളുകള്‍ മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ 48 മണിക്കൂര്‍ മുന്നെ രേഖകള്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കണമെന്ന വ്യാമയാനമന്ത്രാലയത്തിന്റെ ഉത്തരവ് മനുഷ്യത്വരഹിതവും പ്രവാസികളോടുളള വഞ്ചനയുമാണെന്ന് ബഹ്‌റൈന്‍ ഐ. വൈ.സി.സി ആരോപിച്ചു.

ബഹ്‌റൈന്‍ അടക്കമുളള രാജ്യങ്ങളില്‍ സാധാരണഗതിയില്‍ ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ രേഖകള്‍ എല്ലാം റെഡിയാണെങ്കില്‍ അന്ന് തന്നെ നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കഴിയുമായിരുന്നു. ഈ പുതിയ നിയമം കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകിപ്പിക്കാനല്ലാതെ യാതൊരു കാര്യവുമില്ല. എംബാം ചെയ്ത് കഴിഞ്ഞ മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ മാത്രമേ സൂക്ഷിച്ച് വെക്കാനാകു എന്നതാണു വസ്തുത. ഇത് പോലും അറിയാതെയാണൊ ഇത്തരം തല തിരിഞ്ഞ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത് ഇന്ത്യ രാജ്യത്തിന്റെ ഭാവി ഈ ഭരണാധികാരികളുടെ കൈകളില്‍ എത്ര സുരക്ഷിതമാണെന്നതിന്റെ ഉദാഹരണമാണ്.

പകര്‍ച്ചാ വ്യാധികള്‍ ബാധിച്ച ശരീരം എംബാം ചെയ്യാന്‍ കഴിയില്ല അത്തരം കേസ്സുകള്‍ അതാതു സ്ഥലത്തുതന്നെ മറവു ചെയ്യുകയോ ദഹിപ്പിയ്ക്കുകയോ ചെയ്യും. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, കോണ്‍സുലേറ്റില്‍ മരണം രജിസ്റ്റര്‍ചെയ്ത സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് (അറബിയില്‍ നിന്നു ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തത് ), റദ്ദ് ചെയ്ത പാസ്‌പോട്ട്, ലോക്കല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിരേഖകള്‍ കാര്‍ഗോയില്‍ നല്‍കിയാണ് നടപടികൃമങ്ങള്‍ പൂര്‍ത്തീകരിയ്ക്കുന്നത്.

മൃതദേഹം വഹിച്ച വിമാനം നാട്ടില്‍ എത്തിയാല്‍ ഉടന്‍ തന്നെ ഈ രേഖകളുടെ ആറുകോപ്പികള്‍ കാര്‍ഗോ വിഭാഗം ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എത്തിക്കമെന്നാണ് വ്യവസ്ഥ. ആരോഗ്യ വിഭാഗത്തിലെ ഡോക്ടര്‍ ഈ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും, എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗവും ഇത് രേഖപ്പെടുത്തി പേപ്പര്‍ നല്‍കും. ഹൈദ്രാബാദിലും ചെന്നൈയിലും ഈ രേഖകള്‍ പോലീസിനു നല്‍കി ആമ്പുലന്‍സില്‍ കൊണ്ടുപോകുവാന്‍ അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം ഈ രീതിയിലാണ് ഇപ്പോള്‍ നടന്നുവരുന്ന നടപടിക്രമങ്ങള്‍.

പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ എംബാം ചെയ്തതിനു ശേഷം ശരീരം നേരേ കാര്‍ഗ്ഗോവിഭാഗത്തില്‍ എത്തിയ്ക്കുന്നതിനു മുന്‍പ് നാട്ടില്‍ നിന്ന് ബന്ധപ്പെട്ട വിമാനത്താവളത്തിലെ ഉദ്ദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയതിനുശേഷം മാത്രമേ മൃതശരിരം വിമാനത്താവളത്തിലേയ്ക്ക് ഇനി എത്തിയ്ക്കാനാവു.

അടിയന്തിരമായി പ്രശ്‌നത്തിലിടപെടണമെന്നാവശ്യപെട്ട് കൊണ്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം പി മാര്‍ക്കും മുഖ്യമന്ത്രി ക്കും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്കുമടക്കം നിവേദനം സമര്‍പ്പിക്കാനും ഐവൈസിസി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

Advertisement