മെല്‍ബണ്‍: ക്രിക്കറ്റിലെ ഡി.ആര്‍.എസ് സംവിധാനത്തിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തണമെന്ന് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇയാന്‍ ചാപ്പല്‍ ഡി.ആര്‍.എസില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചത്.


Also read ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം ഉടനില്ല; പുതിയ രീതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ 


താരങ്ങള്‍ കളിക്കളത്തിലെ വാക്കേറ്റങ്ങള്‍ കുറയ്ക്കണമെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു. ‘ടെസ്റ്റില്‍ ഡിസിഷന്‍ റിവ്യു സിസ്റ്റത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. ഫീല്‍ഡര്‍ ക്യാച്ച് എടുത്തോയെന്നറിയാന്‍ ഡി.ആര്‍.എസിനെ ആശ്രയിക്കരുത്.’ ചാപ്പല്‍ പറഞ്ഞു.

ധര്‍മശാല ടെസ്റ്റില്‍ മുരളി വിജയി ക്ലീന്‍ ക്യാച്ച് ആയിരുന്നെന്നും സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ വിരലുകള്‍ താഴേക്കു ചൂണ്ടിയല്ല ക്യാച്ചെടുക്കുന്നതെന്നും പറഞ്ഞ ചാപ്പല്‍ ക്യാമറയുടെ ആംഗിളാണു ഇവിടെ കുഴപ്പമുണ്ടാക്കിയതെന്നും അഭിപ്രായപ്പെട്ടു.

ഡി.ആര്‍.എസിന്റെ പേരിലായിരുന്നു പരമ്പരയില്‍ പ്രധാന വിവാദങ്ങള്‍ നടന്നിരുന്നത്. ഓസീസ് നായകന്‍ സ്മിത്ത് ഡി.ആര്‍.എസിനായി ഗ്യാലറിയിലേക്ക് നോക്കിയത് മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ഇത്തരം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചാപ്പലിന്റെ അഭിപ്രായപ്രകടനം.