ഐവറികോസ്റ്റ്: ഐവറികോസ്റ്റില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോ കീഴടങ്ങലിനെ കുറിച്ചാലോചിക്കുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അനുയായികളും സൈന്യവും കൈവിടാന്‍ തുടങ്ങിയതോടെയാണ് ബാഗ്‌ബോ സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നത്.

ബാഗ്‌ബോയുടെ അനുഭാവികളായ മൂന്ന് ജനറല്‍മാര്‍ കീഴടങ്ങാന്‍ തയ്യാറാണെന്നറിയിച്ചതായി യു.എന്‍ അറിയിച്ചു. . ബാഗ്‌ബോയുടേയും തങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുമെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ഇവര്‍ പറഞ്ഞതായി യു.എന്‍ വ്യക്തമാക്കി.

സായുധസേന തലവനും, പോലീസ് തലവനും, റിപ്പബ്ലിക്കിന്‍ ഗാഡിന്റെ തലവനുമാണ് കീഴടങ്ങാന്‍ തയ്യാറായിരിക്കുന്നത്.

പ്രധാനനഗരമായ അബിദ്ജാനിലെ വീട്ടിലെ ഭൂഗര്‍ഭ അറയിലാണ് ബാഗ്‌ബോ അഭയം തേടിയിരിക്കുന്നത്. ഈ പ്രദേശം മുഖ്യ എതിരാളിയായ യു.എന്‍ അംഗീകൃത പ്രസിഡന്റ് ക്വട്ടാറോയുടെ അനുഭാവികള്‍ വളഞ്ഞിരിക്കുകയാണ്. തങ്ങളുടെ പടയാളികളോട് ആക്രമണം അവസാനിപ്പിക്കാന്‍ ഈ ജനറല്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളതായി യു.എന്‍ പറയുന്നു.

അതേസമയം ബാഗ്‌ബോയുടെ അനുയായികളും ഉപദേശകരും സൈന്യവും അദ്ദേഹത്തെ കൈവിടുകയാണെന്നാണ് യു.എന്‍ പറയുന്നത്.

അലാസൈന്‍ ക്വാട്ടാറോയെ പ്രസിഡന്റായി അംഗീകരിക്കുന്ന ആഫ്രിക്കന്‍ യൂണിയന്റെ ശുപാര്‍ശ പ്രകാരമാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥാനമൊഴിയണമെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണ് തങ്ങളെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി അലൈന്‍ ജുപ്പെ പറഞ്ഞു.

കീഴടങ്ങാന്‍ തയ്യാറാണെന്ന വാര്‍ത്ത ബാഗ്‌ബോ നിഷേധിച്ചിട്ടുണ്ട്. നവംബറിലെ തിരഞ്ഞെടുപ്പില്‍ ക്വാട്ടാറ വിജയിച്ചിട്ടില്ലെന്ന് ഫ്രഞ്ച് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വീണ്ടും പറഞ്ഞു.