കുറ്റിപ്പുറം: മഹാത്മാ ഗാന്ധിജിയുടെ നാട്ടിലേക്ക് തനിക്ക് വിസ നിഷേധിച്ചതിന്റെ കാരണം ദുരൂഹമാണെന്ന് പ്രശസ്ത ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ യിവോണ്‍ റിഡ്‌ലി. കുറ്റിപ്പുറം സ്വഫനഗറില്‍ കേരള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റിഡ്‌ലി. കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. ജമാഅത്തെ ഇസ്‌ലാമിയാണ് സമ്മേളനം സംഘടിപ്പിച്ചത്.

ആത്മീയ ഭൗതിക മേഖലകളില്‍ മുസ്ലിം സ്ത്രീകള്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിഡ്‌ലി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങളിലേക്കിറങ്ങണം. ഫലസ്തീനിലേക്ക് നടന്ന ഗാസ മാര്‍ച്ച് വലിയ മുന്നേറ്റമായിരുന്നു. മാര്‍ച്ചില്‍ നിരവധി സ്ത്രീകളെ അണിനിരത്താന്‍ താന്‍ മുന്നിലുണ്ടായിരുന്നു. സാമ്രാജ്യത്വ ഭീഷണി ലോകം മുഴുവന്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാലമാണിത്.

ഇസ്‌ലാമിന്റെ വക്താക്കളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പിന്നില്‍ സാമ്രാജ്യത്വമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലി വ്യക്തമാക്കി. അവര്‍ പ്രചരിപ്പിക്കുന്ന മുഖമല്ല ഇസ്‌ലാമിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെ.കെ. ഫാത്തിമ സുഹറ പറഞ്ഞു.

സംവരണം കൂടുതല്‍ അര്‍ഥവത്താക്കി മാറ്റുന്നതിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉപസംവരണം ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ആത്മാവിനും ചൈതന്യത്തിനുമൊത്ത് ഇസ്ലാമിന്റെ നൈതിക മനുഷ്യാവകാശ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ മുസ്ലിം വ്യക്തി നിയമം പുനഃക്രോഡീകരിക്കണം.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം അഖിലേന്ത്യാ പ്രസിഡന്റ് അത്വിയ്യ സിദ്ധീഖി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. റഹ്മാബി, സല്‍മാ യാഖൂബ്, പാര്‍വതി പവനന്‍, വനിതാ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന സമിതി അംഗങ്ങളായ കെ.കെ. സഫിയ ശറഫിയ്യ, സൌദ പടന്ന, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ. റഹീന തുടങ്ങിയവര്‍ സംസാരിച്ചു. റസ്ലി ചേന്ദമംഗല്ലൂര്‍ ഖിറാഅത്ത് നടത്തി. സംസ്ഥാന സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി. ആയിഷ സമാപന പ്രസംഗം നടത്തി.