എഡിറ്റര്‍
എഡിറ്റര്‍
ഒഞ്ചിയം പരിഹാരത്തിന് ഇടപെട്ടിട്ടില്ലെന്ന് ഐ.വി ബാബു
എഡിറ്റര്‍
Saturday 9th June 2012 9:27am

കൊച്ചി: ഒഞ്ചിയം പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ പരാമര്‍ശം വാസ്തവവിരുദ്ധമെന്ന് പത്രപ്രവര്‍ത്തകനായ ഐ.വി ബാബു.

ആര്‍.എം.പിക്കുവേണ്ടി മധ്യസ്ഥനായി ഇടപെട്ടിട്ടില്ല. ‘ എന്റെ അച്ഛന്‍ ഐ.വി ദാസിന്റെ ഒന്നാം ചരമവാര്‍ഷികാചരണത്തെക്കുറിച്ചു സംസാരിക്കാന്‍ നേരില്‍ കാണണമെന്ന ജയരാജന്റെ അഭ്യര്‍ഥന മാനിച്ച് 2011 ഓണനാളില്‍ അദ്ദേഹത്തെ വീട്ടില്‍ച്ചെന്നു കാണുകയായിരുന്നു. ചരമദിനാചരണത്തെക്കുറിച്ചും വ്യക്തിപരവുമായ ചില കാര്യങ്ങളെക്കുറിച്ചുമാണു സംസാരിച്ചത്. ഒഞ്ചിയം വിഷയം ചര്‍ച്ച ചെയ്തില്ല. ഒടുവില്‍ യാത്ര പറഞ്ഞ് ഇറങ്ങുന്ന വേളയില്‍ അദ്ദേഹം ചോദിച്ചു. ചന്ദ്രശേഖരന്റെയും ഒഞ്ചിയത്തെയും അവസ്ഥ എന്താണെന്ന്. ആര്‍.എം.പിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നയാളല്ലെന്ന മറുപടി മാത്രമാണു ഞാന്‍ നല്‍കിയത്. ഇതാണ് വസ്തുത, സത്യവും’ ഐ.വി ബാബു പറഞ്ഞു.

ഒഞ്ചിയത്തുള്ള സഖാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞദിവസം ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകളുമായി ജയരാജന്‍ രംഗത്തെത്തിയിരുന്നു. റവല്യൂഷണറി നേതാക്കളുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ മൂന്നാമത്തെ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ഐ.വി ബാബുയായിരുന്നെന്നാണ് ജയരാജന്‍ പറഞ്ഞത്.

ഐ.വി ബാബു തന്റെ വീട്ടില്‍ വന്ന് ചന്ദ്രശേഖരനുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

Advertisement