കൊച്ചി: സി പി ഐ എമ്മില്‍ നിന്നും രാജിസന്നദ്ധത അറിയിച്ച മങ്കട എം എല്‍ എ മഞ്ഞളാംകുഴി അലിക്ക് കോണ്‍ഗ്രസിലേക്കും മുസ്‌ലിം ലീഗിലേക്കും ക്ഷണം. അലി നല്ല ഒരു പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തെ മുസ്‌ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേരത്തേ അലിയെ സ്വാഗതംചെയ്തിരുന്നുവെന്നും ഇതില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസിലേക്ക് വരണമോ എന്നതിനെക്കുറിച്ച അലി തീരുമാനമെടുക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുമായും ആലോചിച്ച് വേണ്ട തീരുമാനമെടുക്കുമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ഇരുചേരിയിലേക്കും തല്‍ക്കാലം പോകേണ്ടെന്ന തീരുമാനത്തിലാണ് അലിയെന്നാണ് സൂചന. നിലവില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബാന്ധവത്തിലേര്‍പ്പെടാന്‍ ഉദ്ദേശമില്ലെന്ന് അലി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.