ന്യൂദല്‍ഹി:  ദേശീയ പാതകളിലെ ടോള്‍ പിരിവിന്റെ കാര്യത്തില്‍ കേരളത്തിന് മാത്രമായി ഇളവ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സി.പി.ജോഷി. രാജ്യത്തൊട്ടാകെ ഒറ്റ ടോള്‍ നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേരളത്തിന് മാത്രമായി അതില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അസാദ്ധ്യമാണെന്നും സി.പി.ജോഷി പറഞ്ഞു.

അതേസമയം അതാത് സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ടോള്‍ നിരക്കില്‍ ഇളവ് വരുത്താമെന്നും സി.പി.ജോഷി വ്യക്തമാക്കി. ദേശീയ പാതയുടെ വീതി 45 മീറ്ററാക്കി കുറയ്ക്കുന്ന കാര്യം സംബന്ധിച്ച് പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടാമെന്നും സി.പി.ജോഷി പറഞ്ഞു.