മുംബൈ: റാസ്, ഷാപിറ്റ്, ഹണ്ടഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹൊറര്‍ സിനിമാ രംഗത്ത് തന്റെ മികവ് തെളിയിച്ചയാളാണ് സംവിധായകന്‍ വിക്രം ഭട്ട്. എന്നാല്‍ ഹൊറര്‍ ചിത്രമെടുത്ത് വിജയപ്പിക്കുകയെന്നത് എളുപ്പമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Ads By Google

വീണ്ടും വീണ്ടും പ്രേക്ഷകരെ ഭയപ്പെടുത്തുകയെന്നത് എളുപ്പമല്ല. ചിലപ്പോള്‍ ഹൊറര്‍ ചിത്രങ്ങള്‍ വരുമ്പോള്‍ ഭയക്കുകയല്ല അവര്‍ കളിയാക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഇത്തരം സിനിമകളെടുക്കുന്നവര്‍ ഏറെ ശ്രദ്ധിക്കണം. ആദ്യസിനിമകളിലെ ഭാഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് പ്രേക്ഷകരെ ബോറടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൊറര്‍ ചിത്രങ്ങളിലേക്ക് പുതിയ അടവുകള്‍ കൊണ്ടുവരികയെന്നത് വലിയ വെല്ലുവിളിയാണ്. എല്ലാ സിനിമയും ഒരു വെല്ലുവിളി തന്നെയാണ്. റൊമാന്റിക് ചിത്രങ്ങളുണ്ടാക്കുകയാണെങ്കില്‍ പുതിയ തരം രീതികള്‍ നമ്മള്‍ കണ്ടെത്തണം. കൊമഡിയാണെങ്കില്‍ അതിലും വേണം പുതുമ- ഭട്ട് പറഞ്ഞു.

തന്നെ സംവിധായകനാക്കിയത് മഹേഷ് ഭട്ടും മുകേഷ് ഭട്ടുമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായും മാനസികമായും അവര്‍ തനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് താനെന്ത് തന്നെ നല്‍കിയാലും അതിന് പകരമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പുതിയ ഹൊറര്‍ ചിത്രമായി റാസ് 3യുടെ തിരക്കിലാണ് ഭട്ടിപ്പോള്‍.