ന്യൂദല്‍ഹി: പാമോയില്‍ കേസ് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടത് വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സപ്ലൈകോ മുന്‍ എംഡിയും കേസിലെ അഞ്ചാം പ്രതിയുമായ ജിജി തോംസണ്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും ഹര്‍ജിയില്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാമോലിന്‍ ഇറക്കുമതി കാലത്ത് സപ്ലൈകോ എം.ഡിയായിരുന്നു ജിജി തോംസണ്‍ കഴിഞ്ഞ 22നായിരുന്നു വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷവും തുടരന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

കേസ് അന്വേഷണം നീണ്ടുപോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചുവെന്നും 1993 മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നതിനാല്‍ സര്‍വീസില്‍ ലഭിക്കേണ്ട പല സ്ഥാനക്കയറ്റങ്ങളും നഷ്ടമായിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിജി തോംസണ്‍ന്റെ നടപടി ഉമ്മന്‍ ചാണ്ടിയെ സഹായിക്കാനായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജിജി തോംസണ്‍ രംഗത്തെത്തിയത്.