പാരിസ്: സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കൊവിച്ചിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക് ദ്യോക്കൊവിച്ചിനെ 6-4, 6-3, 2-6, 7-5 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്.

ഇത് ഏഴാമത്തെ തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഏഴുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഇനി നദാലിന്റെ പേരിലായിരിക്കും. ആറ് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ബോര്‍ഗിന്റെ റെക്കോഡാണ് നദാല്‍ പഴംകഥയാക്കിയത്.

കലാശപ്പോരാട്ടത്തില്‍ നാലു സെറ്റിലാണു നദാല്‍ ജയിച്ചുകയറിയത്. ആദ്യ രണ്ടു സെറ്റുകള്‍ നദാലിന്റെ കൂടെനിന്നപ്പോള്‍ തിരിച്ചടിച്ച് ദ്യോക്കോവിച്ച് മൂന്നാംസെറ്റു നേടി. മഴയില്‍ 2-1നു ദ്യോക്കോവിച്ചിന്റെ ലീഡില്‍ അവസാനിച്ച നാലാംസെറ്റ്  വൈകിട്ട് പുനരാരംഭിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 12-ാം ഗെയിം ബ്രേക്ക് ചെയ്ത് നദാല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.

നാലാം സെറ്റിലെ 12ാം ഗെയിമില്‍ ദ്യോക്കോവിച്ച് സര്‍വീസില്‍ ഇരട്ടപ്പിഴവ് വരുത്തിയതോടെയാണ് കളി അവസാനിച്ചത്. ഞായറാഴ്ച കളിനിര്‍ത്തുമ്പോള്‍ നദാല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്നിലായിരുന്നു. നാലാം സെറ്റില്‍ 3-1ന് മുന്നിലെത്താനുള്ള അവസരം തുലച്ചാണ് ദ്യോക്കോവിച്ച് തോല്‍വി വഴങ്ങിയത്.

26കാരനായ സ്പാനിഷ് താരത്തിന്റെ 11ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. റോജര്‍ ഫെഡറര്‍(16) പീറ്റ് സാംപ്രസ് (14) റോയ് എമേഴ്‌സന്‍(12) എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ നദാലിന് മുന്നിലുള്ളവര്‍.

വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ്.ഓപ്പണും വിജയിച്ച ദ്യോക്കോവിച്ചിന് ഫ്രഞ്ച് കിരീടം കിട്ടാക്കനിയായി തുടരുകയാണ്. ഫൈനലില്‍ വരുത്തിയ അനാവശ്യപ്പിഴവുകളാണ് സെര്‍ബ് താരത്തിന് വിനയായത്. ഞായറാഴ്ച രണ്ടു സെറ്റിന് പിന്നിലായ ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ദ്യോക്കോവിച്ചിന് മഴമൂലം കളിമാറ്റിവെച്ചത് തിരിച്ചടിയായി.