മോളിവുഡിന്റെ സൂപ്പര്‍താരങ്ങളെ കരിവാരിത്തേച്ചെന്ന് ആരോപണത്തിന്റെ പേരില്‍ അനാവശ്യവിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ ചിത്രമാണ് ശ്രീനിവാസന്റെ പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ ശ്രീനിവാസന് സമ്മാനിച്ചത്. എന്നാല്‍ ശ്രീനിയുടെ മകന്‍ വിനീതിന് ഇപ്പോഴും സൂപ്പര്‍താരങ്ങളോടുള്ള ഭ്രമം കുറഞ്ഞിട്ടില്ല.

തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിനൊരുങ്ങുന്ന വിനീത് പറയുന്നത് സൂപ്പര്‍സ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്നാണ്. ‘മമ്മൂട്ടിയും മോഹന്‍ലാലും നായകനായ സിനിമ എന്റെ സ്വപ്‌നമാണ്. എന്നെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് എന്റെ തന്നെ തിരക്കഥയിലായിരിക്കും’ വിനീത് പറഞ്ഞു.

ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിന് മുമ്പ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആലോചന. എന്നാല്‍ മലര്‍വാടി ചെയ്യേണ്ടിവന്നു. മോഹന്‍ലാലിനെ നായകനാക്കിയൊരു ചിത്രത്തിന്റെ തിരക്കഥയും എഴുതിയിട്ടുണ്ടെന്ന് വിനീത് വെളിപ്പെടുത്തുന്നു.

അഭിനയം, സംവിധാനം തിരക്കഥ, ഗായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിനീത് പറയുന്നത് എല്ലാറ്റിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്നാണ്. പാടുകയാണെങ്കില്‍ നല്ല പ്രാക്ടീസില്ലാതെ എളുപ്പമാവില്ല. തിരക്കഥയ്ക്കാണെങ്കിലും ഒന്നരവര്‍ഷമെങ്കിലുമെടുക്കും ഒന്ന് നന്നാക്കിയെടുക്കാനെന്നും വിനീത് പറയുന്നു.

തന്റെ രണ്ടാം ചിത്രമായ തട്ടത്തിന്‍ മറയത്തിന്റെ അണിയറജോലികളിലാണ് വിനീതിപ്പോള്‍. ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം ഒരു ഹിന്ദു യുവാവും മുസ്‌ലീം യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയമാക്കുന്നത്.

ഇക്കാലത്ത് മലയാളി യുവത്വം പ്രണയിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികളെല്ലാം ഈ സിനിമയിലുണ്ടാവും. തന്റെ ജന്മദേശമായ തലശേരിയില്‍ തന്നെയാവും സിനിമയുടെ ലൊക്കേഷനെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്. മലര്‍വാടി ഫെയിം നിവീന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്നു ഇഷയാണ് നായിക.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ രണ്ട് ഉഗ്രന്‍ താരങ്ങള്‍ കൂടി ഈ സിനിമയിലുണ്ടാവും. സാള്‍ട്ട് ആന്റ് പെപ്പറിലെ കെടി മിറാഷായി തകര്‍ത്ത അഹമ്മദ് സിദ്ദിഖും സെക്കന്റ് ഷോയിലൂടെ കിടുക്കന്‍ കുരുടിയായി തിളങ്ങിയ സണ്ണി വെയ്‌നുമാണ് അവര്‍.

Malayalam news

Kerala news in English