calicut-iti

ഗവണ്‍മെന്റ് ഐ.ടി.ഐ കോഴിക്കോട്, വിദ്യാര്‍ഥി ജീവിതത്തിനു ശേഷം വര്‍ഷങ്ങള്‍ പലതു കടന്നു പോയിട്ടും ആ പഴയ സൗഹൃദങ്ങളെ കാണാനും , പഴയ കാല ക്യാമ്പസ് ഓര്‍മ്മകള്‍ പങ്കിടാനും വേണ്ടി ഒരു കുടുംബ സംഗമം എന്ന ആശയം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പട്ടാളക്കാരനായ ഷാജിക്കും, ഐ.ടി ക്കാരനായ ജോബിക്കും മനസ്സില്‍ ഉണ്ടായിരുന്നു. ഡയറി താളുകളില്‍ നിന്നും കിട്ടിയ മേല്‍ വിലാസങ്ങളിലേക്കും, ഐ.ടി.ഐ അധ്യാപകനായ പ്രസാദ് മാഷിന്റെ സഹായത്തോടെ കിട്ടിയ മേല്‍ വിലാസങ്ങളിലെക്കും ഗുജറാത്തില്‍ നിന്നും ബംഗ്ലൂരില്‍ നിന്നും കത്തുകള്‍ അയച്ചു.

കത്ത് കിട്ടിയ ശേഷം പലരും ബന്ധ പെട്ടു . ഇതിന്റെ ഫലമായി 2011 സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട് കാപ്പാടിനടുത്ത് റെനി സാന്‍സ് റിസോര്‍ട്ടില്‍ ഐ.ടി.ഐ ചരിത്രത്തില്‍ ആദ്യമായി പോയ കാലത്തിന്റെ സൗഹൃദവും പ്രണയവും കലയും രാഷ്ട്രീയവുമൊക്കെ ഇല പൊഴിയാതെ നിന്നിരുന്ന സുന്ദര കാലത്തെ തിരിച്ച് വിളിച്ച് കൊണ്ട് നീണ്ട 12 വര്‍ഷത്തിനു ശേഷം ‘നീലകുറിഞ്ഞി’ 2011 എന്ന പേരില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു.

12 വര്‍ഷം പിന്നിട്ട പോള്‍ പലരും പല പല മേഖലയില്‍ എത്തിയിരുന്നു. യുണിയന്‍ ചെയര്‍മാനായിരുന്ന നിഷാന്തും (പി.വി.എസ് ഗ്രൂപ്പ്), വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവായിരുന്ന ഷൈജു ( കേരള പോലീസ് ) , ഖദര്‍ വസ്ത്ര ധാരിയായ കൂരാച്ചുണ്ട് കാരന്‍ രാജേഷ് തോമസ് ( ടാക്‌സ് ഡിപോ ) അപൂര്‍വ്വമായി ക്ലാസിലെത്തിയിരുന്ന സുനില്‍ തിരുമ്പാടി ( ദുബായ് ) , സ്‌പോര്‍ട്‌സ് കോട്ടയില്‍ ജീവിതം തുടങ്ങിയ രാഗേഷ് ( മെട്രോ വാര്‍ത്ത ) , ഒരു ഗ്രാമത്തെ സ്വന്തം സൈക്കിള്‍ ബെല്ലടിച്ച് കൊണ്ട് ഉണര്‍ത്തിയ ചെളന്നൂരിന്റെ പത്ര വിതരണക്കാരനായ നിധീഷ് തുടങ്ങിയവരടങ്ങിയതായിരുന്നു ക്ലാസ് ….. ഓര്‍മ്മകള്‍ അയവിറക്കിയും അനുഭവങ്ങള്‍ പങ്കുവെച്ചും അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പിലാണ് സംഗമം പിരിഞ്ഞത്.