എഡിറ്റര്‍
എഡിറ്റര്‍
ചാവേറാക്രമണം തടഞ്ഞ രക്തസാക്ഷി ഐത്‌സാസിന് ബഹുമതി നല്‍കാന്‍ ശുപാര്‍ശ
എഡിറ്റര്‍
Saturday 11th January 2014 8:33am

ithsas

പെഷാവാര്‍: സ്‌കൂളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ചാവേറിനെ തടയുന്നതിനിടയില്‍ രക്‌സാക്ഷിത്വം വഹിച്ച പാക്കിസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഐത്‌സാസ് ഹസന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്തു.

സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് നൂറു കണക്കിന് സഹപാഠികളുടെ ജീവന്‍ രക്ഷിച്ചയാളാണ് ഐത്‌സാസ് ഹസന്‍. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചാവേര്‍ സ്‌ഫോടനം നടത്താനെത്തിയയാളുമായുള്ള മല്‍പ്പിടുത്തത്തിനിടെയാണ് ഹസന്‍ കൊല്ലപ്പെട്ടത്.

സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹസന്‍. ഗുരുതരമായി പരിക്കേറ്റ ഹസന്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

ഒരുപാടുപേരുടെ ജീവന്‍ രക്ഷിച്ച വീരകൃത്യത്തിനിടയില്‍ രക്തസാക്ഷിയായ മകനെയോര്‍ത്ത്  അഭിമാനം കൊള്ളുന്നുവെന്ന് ഐത് സാസിന്റെ പിതാവ് മുജാഹിദ് അലി പറഞ്ഞു.

യു.എ.എയില്‍ ജോലി ചെയ്യുന്ന മുജാഹിദ് അലി മകന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ഐത്‌സാസ് ഹസനും ബന്ധു മുസ്ദിഘ് അലിയും രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ചാവേറിനെ കണ്ടത്.

രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്‌ഫോടനം നടത്തി പരമാവധി പേരെ കൊല്ലുകയായിരുന്നു ചാവേറിന്റെ ലക്ഷ്യം.

എവിടെയാണ് സ്‌കൂളെന്ന് ഐത്‌സാസിനോട് ചോദിക്കുകയും സംശയം തോന്നിയ ഐത്‌സാസ് ചാവേറുമായി മല്‍പ്പിടുത്തം നടത്തുകയും ചെയ്യുന്നതിനിടെ കുട്ടിച്ചാവേര്‍ സ്‌ഫോടനം നടത്തി സ്വയം ജീവനൊടുക്കുകയും ഐത്‌സാസിനെ വധിക്കുകയുമായിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ ജാങ്വി എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഷിയാ വംശജരെ പാക്കിസ്ഥാനില്‍ നിന്ന്  തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്.

പാക്കിസ്ഥാനില്‍ മലാലയെക്കാള്‍ വലിയ ധീരതയാണ് ഐത്‌സാസ് ചെയ്തതെന്ന് ട്വിറ്ററും ഫേസ്ബുക്കുമടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങള്‍ കുറിച്ചു.

Advertisement