എഡിറ്റര്‍
എഡിറ്റര്‍
ചാവേറാക്രമണം തടഞ്ഞ രക്തസാക്ഷി ഐത്‌സാസിന് ഉന്നത ധീരതാ പുരസ്‌കാരം
എഡിറ്റര്‍
Sunday 12th January 2014 8:01am

ithsas

ഇസ്‌ലാമാബാദ്: പെഷാവാറിലെ സ്‌കൂളില്‍ ഭീകരാക്രമണത്തിന് ശ്രമിച്ച ചാവേറിനെ തടയുന്നതിനിടെ കൊല്ലപ്പെട്ട ഐത്‌സാസ് ഹസന് രാജ്യത്തിന്റെ ഉന്നത ധീരതാ പുരസ്‌കാരമായ ‘സിതാരെ ഷുജാ അത്’ മരണാനന്തര ബഹുമതിയായി നല്‍കാന്‍ പാക്‌സര്‍ക്കാര്‍ തീരുമാനിച്ചു.

ഖൈബര്‍ പഖ്തൂണ്‍ക്വാ പ്രവിശ്യയിലെ ഹംഗു സര്‍ക്കാര്‍ സികൂളില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. സ്‌കൂളില്‍ സ്‌ഫോടനം നടത്താനായി എത്തിയ ചാവേറിനെ മുഖ്യകവാടത്തിന്റെ അടുത്ത് വച്ചാണ്  ഹസന്‍ തടഞ്ഞത്.

രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്‌ഫോടനം നടത്തി പരമാവധി പേരെ കൊല്ലുകയായിരുന്നു ചാവേറിന്റെ ലക്ഷ്യം.

എവിടെയാണ് സ്‌കൂളെന്ന് ഐത്‌സാസിനോട് ചോദിക്കുകയും സംശയം തോന്നിയ ഐത്‌സാസ് ചാവേറുമായി മല്‍പ്പിടുത്തം നടത്തുകയും ചെയ്യുന്നതിനിടെ കുട്ടിച്ചാവേര്‍ സ്‌ഫോടനം നടത്തി സ്വയം ജീവനൊടുക്കുകയും ഐത്‌സാസിനെ വധിക്കുകയുമായിരുന്നു. സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹസന്‍.

ഐത്‌സാസിന്റെ ധീരത ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് പറഞ്ഞ് മലാലയും ഐത്‌സാസിന്റെ ബലിയര്‍പ്പണത്തെ പ്രശംസിച്ചു.

ഒരുപാടുപേരുടെ ജീവന്‍ രക്ഷിച്ച വീരകൃത്യത്തിനിടയില്‍ രക്തസാക്ഷിയായ മകനെയോര്‍ത്ത്  അഭിമാനം കൊള്ളുന്നുവെന്ന് ഐത്‌സാസിന്റെ പിതാവ് മുജാഹിദ് അലി പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ ജാങ്വി എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഷിയാ വംശജരെ പാക്കിസ്ഥാനില്‍ നിന്ന്  തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്.

Advertisement