പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ നിറസാന്നിധ്യമായി ഡോ.കെ.ഗോപിനാഥിന്റെ ‘ഇത്രമാത്ര’വും ഡോ. ബിജുവിന്റെ ‘ആകാശത്തിന്റെ നിറ’വും. ചലച്ചിത്രോത്സവത്തില്‍ ഇന്നലെ നടന്ന പ്രദര്‍ശനത്തിലാണ് ഈ ചിത്രങ്ങള്‍ ശ്രദ്ധേയമായത്.

Ads By Google

കല്പറ്റ നരായണന്റെ ‘ഇത്രമാത്രം’ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഡോ. ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്രമാത്രം. ശ്വേതാമേനോനും ബിജു മേനോനുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. സ്ത്രീ ജീവിതത്തെ മരണത്തിന്റെ മുഹൂര്‍ത്തത്തില്‍ ‘ഇത്രമാത്രം’ വരച്ചുകാട്ടുന്നു.

മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളുടെ ദൃശ്യാവിഷ്‌കാരമാണ് ‘ആകാശത്തിന്റെ നിറം’.

വിപിന്‍ വിജയ് സംവിധാനം ചെയ്യുന്ന ‘ചാവുനിലം’ എന്ന സിനിമയ്ക്ക് ഗോവ ഫിലിം ബസാറില്‍ 10 ലക്ഷം രൂപയുടെ മികച്ച പദ്ധതിക്കുള്ള അംഗീകാരം ലഭിച്ചു. നിര്‍മാണത്തിലിരിക്കുന്ന 25 സിനിമകളില്‍ നിന്നുമാണ് വിപിന്‍ വിജയിന്റെ ‘ചാവുനിലം’ തിരഞ്ഞെടുക്കപ്പെട്ടത്. പി.എഫ്. മാത്യൂസിന്റെ അതേപേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് സിനിമ.

അന്ധചതുരംഗക്കളിക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഇയാന്‍ മക്‌ഡൊണാള്‍ഡ് സംവിധാനം ചെയ്ത ‘അല്‍ഗോറിതംസ്’ ഞായറാഴ്ചത്തെ സിനിമകളില്‍ ശ്രദ്ധനേടി. മലയാളത്തില്‍ ഫെമിനിസം ചലച്ചിത്ര ചിന്തയ്ക്ക് അടിത്തറയിട്ട എഴുത്തുകാരിലൊരാളായ ഡോ.ജെ.ഗീതയാണ് ഇതിന്റെ നിര്‍മാതാവ്.

ഉണ്ണി വിജയന്‍ സംവിധാനം ചെയ്ത ‘ലെസ്സന്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ്’ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ചു. ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ‘ഫിപ്രസി’യുടെ ഇന്ത്യാ വിഭാഗത്തിന്റെ വാര്‍ഷിക യോഗം പുതിയ പ്രസിഡന്റായി എച്ച്.എന്‍. നരഹരിറാവുവിനെയും ജനറല്‍ സെക്രട്ടറിയായി രാഘവേന്ദ്രയെയും തിരഞ്ഞെടുത്തു.