ആഗസ്റ്റ് 31 റിലീസ് നിശ്ചയിച്ചിരിക്കുന്ന ബോളിവുഡ് ചിത്രം ജോക്കര്‍ നിയമക്കുരുക്കില്‍. ചിത്രത്തിലെ ഐറ്റംനമ്പറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദേശാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് ഐറ്റംനമ്പര്‍ എന്നാരോപിച്ച് ഇതിനെതിരെ ഒരു പൊതുപ്രവര്‍ത്തകനാണ് നിയമനടപടിക്കൊരുങ്ങിയത്.

Ads By Google

Subscribe Us:

പരാതിയെ തുടര്‍ന്ന് ഐറ്റംനമ്പര്‍ ചിത്രത്തില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്‍ രാജ്കുമാര്‍ താക്കാണ് ജോക്കറിനെതിരെ പരാതി നല്‍കിയത്. ഐറ്റം ഗാനത്തില്‍ ഝാന്‍സി റാണിയെ അപമാനിക്കുന്നുണ്ടെന്നാരോപിച്ചാണ് രാജ്കുമാര്‍ പരാതി നല്‍കിയത്.

ചിത്രത്തില്‍ നിന്നും ഗാനം ഒഴിവാക്കുകയോ ഝാന്‍സി റാണിയുടെ പേര് ഒഴിവാക്കുകയോ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സുനിധി ചൗഹാനാണ് ഈ വിവാദ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്.

തന്റെ പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ ചിത്രത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാജ്കുമാറിന്റെ അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്ഷയ്കുമാറും സൊണാക്ഷി സിന്‍ഹയുമാണ് ജോക്കറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിരിഷ് കുന്തറാണ് ചിത്രം നിര്‍മിക്കുന്നത്.