ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി വിദ്യാര്‍ഥികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്   ഇറാനിലെ ഇറ്റലി അംബാസഡറെ തിരിച്ചു വിളിക്കാന്‍ തീരുമാനം. ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു.

‘ ഞങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു’ ടേര്‍സി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും  തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന്  ടേര്‍സി പറഞ്ഞു. ഇറാനില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍മാരോടു ജാഗ്രതപാലിക്കണമെന്നു ഇറ്റലി വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ അവിടെ നിന്നും പുറത്താക്കിയിരുന്നു. ഇറാനെതിരെ നടപടിയുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് എംബസിക്കുനേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച യൂറോപ്യന്‍ യൂണിയന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് കുറ്റപ്പെടുത്തി.

ഇറാന്‍ അണ്വായുധം വികസിപ്പിക്കുകയാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് യുഎസിനൊപ്പം ബ്രിട്ടനും ഇറാനെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രക്ഷോഭകര്‍ ബ്രിട്ടീഷ് എംബസിയില്‍ അതിക്രമിച്ചു കയറിയത്. 1979ല്‍ യു.എസ് എംബസി വിദ്യാര്‍ഥികള്‍ കയ്യടക്കിയതിനെ ഓര്‍മിപ്പിക്കുന്ന നീക്കമായിരുന്നു ഇത്.

Malayalam news

Kerala news in English