എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന ആദ്യ പാശ്ചാത്യരാജ്യമാകാന്‍ ഇറ്റലി
എഡിറ്റര്‍
Wednesday 29th March 2017 11:25am

റോം: സ്ത്രീകള്‍ക്ക് ആര്‍ത്താവവധി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാകാന്‍ ഇറ്റലി. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുന്ന ബില്ല് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

സ്ത്രീകള്‍ക്ക് ഓരോ മാസവും ആര്‍ത്തവദിനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ അവധി നല്‍കണമെന്നാണ് ബില്ലിലെ ശുപാര്‍ശ.

എതിര്‍പ്പുകളൊന്നും വന്നില്ലെങ്കില്‍ പാര്‍ലമെന്റ് ആവശ്യം അംഗീകരിക്കും. ആര്‍ത്തവകാലത്തെ സ്ത്രീകളുടെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇത്തരമൊരു ആവശ്യം ബില്ലായി അവതരിപ്പിക്കുന്നത്.

ജപ്പാന്‍ ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ തന്നെ ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ഇത് സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ത്രീകളെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് വിദഗ്ദര്‍ പറയുന്നു.

അതേസമയം ഈ തീരുമാനം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദവും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുന്‍പ് കമ്പനികള്‍ രണ്ട് വട്ടം ചിന്തിക്കാന്‍ ഈ തീരുമാനം കാരണമാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

സ്ത്രീകളെ ജോലിക്കെടുന്നതോടെ അവര്‍ക്ക് നല്‍കേണ്ട ലീവിന്റെ എണ്ണത്തെ കുറിച്ചാകും കമ്പനികള്‍ ചിന്തിക്കുയെന്നാണ് ഇവര്‍ പറയുന്നത്.

Advertisement