റോം: അപരിഷ്‌കൃത ശിക്ഷാ രീതിയായ വധശിക്ഷ എല്ലാ രാജ്യങ്ങളും നിര്‍ത്തലാക്കണമെന്ന് ഇറ്റലി ആഹ്വാനം ചെയ്തു. ലോക വധശിക്ഷാ വിരുദ്ധ ദിനത്തോടനുബന്ധിച്ചു സംസാരിക്ക വിദേശകാര്യ മന്ത്രി ഫ്രാങ്കോ ഫ്രാറ്റ്‌നിയാണ് ഇക്കാര്യം ആഹ്വാനം ചെയ്തത്.

വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ കുറ്റകൃത്യങ്ങളെ ഒരു തടയാനോ ജനങ്ങളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനോ കഴിയില്ല. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഇറ്റലി വധശിക്ഷക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങള്‍ ഇതു നിരോധിക്കണമെന്നും ഫ്രാങ്കോ അഭ്യര്‍ഥിച്ചു.

1994ലാണ് ഇറ്റലിയില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്. 95 രാജ്യങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിലൊഴികെ വധശിക്ഷ നടപ്പാക്കുന്നത് മറ്റ് എട്ടു രാജ്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. വധശിക്ഷ നിലനിര്‍ത്തിയതില്‍ത്തന്നെ 49 രാജ്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി ശിക്ഷ നടപ്പാക്കിയിട്ടില്ല.