എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം
എഡിറ്റര്‍
Wednesday 30th May 2012 3:00pm

കൊച്ചി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഒരു കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നാണ് പ്രധാന ഉപാധി. രണ്ട് ഇന്ത്യക്കാരുടെ ആള്‍ജാമ്യം ഹാജരാക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാരപരിധി വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോയ്ക്കും സാല്‍വത്തോറെ ജിറോണിനുമാണ് ജാമ്യം ലഭിച്ചത്. ജസ്റ്റീസ് എന്‍.കെ. ബാലകൃഷ്ണന്‍ ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കര്‍ശന ഉപാധികളോടെ മാത്രമേ നാവികര്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ രാവിലെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും വീസ കാലാവധി നീട്ടിക്കൊടുത്തതിന് ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കാവൂവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നാവികര്‍ക്കെതിരെ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യാതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന കുറ്റങ്ങള്‍ക്ക് ആ രാജ്യത്തെ നിയമം ബാധകമാകുമെന്നതാണ് സുവ നിയമം. സുരക്ഷിത കപ്പലോട്ടവുമായി ബന്ധപ്പെട്ട സുവ നിയമപ്രകാരം കൊലപാതകം തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കും.

നേരത്തെ കൊല്ലം സി.ജെ.എം കോടതിയും ജില്ലാ സെഷന്‍സ് കോടതിയും നാവികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇറ്റാലിയന്‍ നാവികരായ ലാത്തോരെ മാസിമിലിയാനോ, സാല്‍വത്തോരെ ജിറോനെ എന്നിവര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊല്ലം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍ കോടതി നിര്‍ദേശിക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം നാവികര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ ജാമ്യം അനുവദിക്കുന്നതിനെ നേരത്തെ ശക്തമായി എതിര്‍ത്തിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന നിലപാടിലെത്തിയത്.

Advertisement