ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേസെടുത്തുവെങ്കിലും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ്, ജെയിംസ് ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു.

നീണ്ടകരയില്‍ നിന്നും കടലിലേക്കു പോയ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ വെടിവെച്ചു കൊന്നു. സംഭവത്തെ നിങ്ങളെങ്ങിനെയാണ് കാണുന്നത്?

നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയവര്‍ക്കു നേരെ ഇറ്റാലിയിലെ ചരക്കു കപ്പലില്‍ നിന്നും വെടിവെക്കുകയും തമിഴ്‌നാട് സ്വദേശികളായ രണ്ടു തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. യാതൊരു പ്രകോപനവും കൂടാതെയാണ് കപ്പലിലുള്ളവര്‍ വെടിവെച്ചത്. തോക്ക് കൈയ്യില്‍ ഉള്ളത് കൊണ്ട് എന്തും ചെയ്യാമെന്നുള്ള വിചാരമാണ് അവര്‍ക്ക്. കടല്‍ കൊള്ളക്കാരാണ്, അക്രമത്തിന് വരുന്നവരാണ് എന്നൊക്കെ ധരിച്ചാണ് വെടിവെച്ചത് എന്നൊക്കെ നുണ പറയുകയാണ്. വെടിവെക്കണമെങ്കില്‍ കോസ്റ്റ് ഗാര്‍ഡിനെയോ നേവിയേയോ അറിയിക്കണം. അവര്‍ നിമിഷങ്ങള്‍ക്കകം അവിടെ എത്തുമായിരുന്നല്ലോ. മരിച്ചവര്‍ ഭീകരവാദികളാണോ അല്ലയോ എന്നൊക്കെ പ്രഖ്യാപിക്കാന്‍ അവര്‍ ആരാണ്?

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തായിരുന്നു തൊഴിലാളികളെന്നും അല്ലെന്നുമൊക്കെയുള്ള വാദങ്ങളോടുള്ള പ്രതികരണം?

22 കിലോമീറ്ററിന് ഉള്ളിലാണ് നമ്മുടെ സമുദ്രാതിര്‍ത്തി. സമുദ്രാതിര്‍ത്തിക്കു ഉള്ളിലാണെങ്കിലും അല്ലെങ്കിലും വെടിവെക്കാന്‍ പാടുണ്ടോ? കപ്പലുകള്‍ പുറത്ത് നിന്ന് കേരള തീരത്ത് വന്നും നമ്മള്‍ പുറത്തു പോയും മീന്‍പിടിക്കാറുണ്ട്. ഒന്‍പതും പത്തും മണിക്കൂര്‍ നമ്മുടെ ബോട്ടുകള്‍ യാത്ര ചെയ്ത് പോയി മീന്‍പിടിക്കാറുണ്ട്. അതുകൊണ്ട് അതൊന്നും ഇപ്പോള്‍ ഒരു ന്യായമല്ല.

പോലീസ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് പറഞ്ഞിരിക്കുന്നത്?.

യാതൊരു പ്രകോപനവുമില്ലാതെ മത്സ്യത്തൊഴിലാളികളെ വെടിവെക്കുക. ഇവര്‍ക്ക് നിയമമൊന്നും ബാധകമല്ലേ? ലോക്കപ്പിലടച്ച് കേസ് തീര്‍ന്നിട്ട് പോയാല്‍ മതി.

സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഇതുവരെ കപ്പലിനകത്തു കയറി പോലീസ് പരിശോധന നടത്തിയിട്ടില്ല. വെടിവെച്ചവരെ കരക്കെത്തിച്ചിട്ടില്ല. കുറ്റംചെയ്തവര്‍ക്ക് ന്യായമായ ശിക്ഷ കിട്ടുമെന്ന് വിശ്വസിക്കുന്നുണ്ടോ?

പോലീസ് എന്താണ് കാര്യമായ നടപടികളിലേക്കൊന്നും നീങ്ങാത്തത് എന്നാണ് മനസ്സിലാകാത്തത്. ഒരു സിനിമാ നടനെ ഏതെങ്കിലും കാട്ടുകള്ളന്മാര്‍ തട്ടിക്കൊണ്ട് പോയതാണെങ്കില്‍ കോടിക്കണക്കന് രൂപ ചെലവഴിച്ച് അന്വേഷണം നടത്തുമല്ലോ. കുറച്ച് ദിവസം കഴിഞ്ഞാല്‍ നഷ്ടപരിഹാരങ്ങളോ ആനുകൂല്യങ്ങളോ നല്‍കുമെന്ന് പറയും. പ്രഖ്യാപിക്കുകയല്ലാതെ കിട്ടുമോ എന്ന് ആര്‍ക്കറിയാം.

ആര്‍ക്കും വേണ്ടാത്ത വിഭാഗമാണ് ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ ശുദ്ധമായ മാംസം ഭക്ഷണത്തിനായി പിടിച്ചു നല്‍കുന്നു. ഞങ്ങള്‍ പിടിക്കുന്നത് വിദേശത്തേക്ക് കയറ്റുമതി ചെയ്തും പണം ഉണ്ടാക്കുന്നുണ്ടല്ലോ. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്. ബോംബെ സ്‌ഫോടനം നടന്ന സമയത്ത് നേവിയും കോസ്റ്റ് ഗാര്‍ഡുമെല്ലാം വന്ന് ഞങ്ങളുടെ ബോട്ടുകളും മറ്റും പരിശോധിച്ചു. ഞങ്ങളുടെ ബോട്ടുകളിലും മറ്റും അത്തരത്തിലുള്ള ഒന്നും നടക്കുന്നില്ല. വോട്ട് ചെയ്യാനുള്ള ഉപകരണം മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങള്‍.

നിങ്ങളുടെ അസോസിയേഷനോ മറ്റു സംഘടനകളോ സമര പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുന്നുണ്ടോ?

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണം. നാളെ ചെട്ടിക്കുളങ്ങര ഹാര്‍ബറില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Malayalam news

Kerala news in English