Categories

കടലിലെ വെടിവെപ്പ്: നടപടികളില്‍ തൃപ്തിയെന്ന് ഇറ്റലി

ന്യൂദല്‍ഹി: കടലിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളില്‍ തൃപ്തരാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റഫാന്‍ ദി മിസ്തൂര. നാവികരുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ അവര്‍ തൃപ്തരാണെന്നും മിസ്തൂര അറിയിച്ചു.

എന്നാല്‍ അപകടം നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലിലാണെന്ന നിലപാടില്‍ തങ്ങള്‍  ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധപരിശോധന കഴിയുന്നതിലൂടെ കപ്പല്‍ നാവികരുടെ നിരപരാധിത്വം വെളിപ്പെടുമെന്നും മിസ്തൂര അഭിപ്രായപ്പെട്ടു.

അതേസമയം കേസില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റും കപ്പലിലുണ്ടായിരുന്ന രണ്ടുനാവികരും സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടൊപ്പം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ കപ്പല്‍ ഉടമകള്‍ 25 ലക്ഷം രൂപ കെട്ടിവെയ്ക്ക്ണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലും ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജലസ്റ്റിന്റെ ഭാര്യ ഡോറ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്നതെന്ന ഇറ്റലിയുടെ വാദം അംഗീകരിക്കുന്ന തരത്തിലുള്ള എഫ്.ഐ.ആറിലെ പരാമര്‍ശം കേസിനെ വഴിതിരിച്ചുവിടും എന്ന് കാണിച്ചാണ് കത്തയച്ചത്.

എന്നാല്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇന്നലെ  ഇറ്റാലിയന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂരിയയുടെ നേതൃത്വത്തിലുള്ള നയതന്ത്രപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

‘നിരപരാധികളായ മത്സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചര്‍ച്ചയ്ക്കു പ്രസക്തിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പനുസരിച്ചു കൊലപാതകത്തിനാണു കേസെടുത്തിട്ടുള്ളത്. ഇറ്റാലിയന്‍ സംഘം പറഞ്ഞ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ഇറ്റലിയും ഇന്ത്യയുമായി നല്ല നയതന്ത്രബന്ധമാണുള്ളത്. ഇന്ത്യയുടെ അധികാരപരിധിക്കുള്ളില്‍ വെച്ചാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മത്സ്യതൊഴിലാളികള്‍ മരിച്ചത്. നിയമപരമായി ഇതു നേരിടാനാണു സര്‍ക്കാരിന്റെ തീരുമാനം’.- അദ്ദേഹം പറഞ്ഞു.

അതേസമയം മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദിക്കുന്നതായി ഇറ്റാലിയന്‍ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കടല്‍ യാത്രയിലെ പ്രത്യേക മിലിറ്ററി അവകാശത്തില്‍ മുറുകെപ്പിടിച്ചായിരുന്നു ഇറ്റാലിയന്‍ സംഘത്തിന്റെ വാദം മുഴുവന്‍.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.