കൊല്ലം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇവരെ ജയിലില്‍ റിമാന്‍ഡ് ചെയ്യരുതെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആവശ്യം കൊല്ലം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. എന്നാല്‍ നാവികരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇവരെ ജയിലിനു പുറത്തു പാര്‍പ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ജയില്‍ എ.ഡി.ജി.പിക്കു കോടതി അനുമതി നല്‍കി.

പ്രതികളായ ലെസ്‌റ്റോറെ മാര്‍സിമിലാനോ, സാല്‍വദോറെ ഗിറോണെ എന്നിവരെ 19 ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. ഇവരെ ജയിലിനു പുറത്തു തടവില്‍ പാര്‍പ്പിക്കുകയാണെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.കെ. ഗോപകുമാര്‍ ഉത്തരവിട്ടു.

ഇവരെ തടവില്‍ പാര്‍പ്പിക്കുന്നതിന് ആറ് നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. മറ്റ് തടവുകാര്‍ക്കൊപ്പം നാവികരെ പാര്‍പ്പിക്കാന്‍ പാടില്ല. ദിവസവും രാവിലെ 10നും ഉച്ചക്ക് രണ്ടിനും ഇടക്ക് ഒരു മണിക്കൂര്‍ ഇവര്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്താം. ഇറ്റാലിയന്‍ ഭക്ഷണവും ആവശ്യമായ വൈദ്യപരിശോധനാ സൗകര്യവും ഒരുക്കണം. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിന് നല്‍കുന്നതുപോലുള്ള  ഭക്ഷണം സീനിയര്‍ ഡോക്ടര്‍ പരിശോധിച്ചശേഷമാണ് നല്‍കേണ്ടത്.

ഇറ്റാലിയന്‍ നാവികരെ പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ച കൊല്ലം പോലീസ് ക്ലബ്ബോ ഏതെങ്കിലും ദുര്‍ഗുണപരിഹാരശാലയോ ജയിലായി പ്രഖ്യാപിച്ച് നാവികരെ അവിടെ ജുഡിഷ്യല്‍ റിമാന്‍ഡ് ചെയ്യണമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇറ്റാലിയന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രാജ്യത്തെ കപ്പലുകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കുകയാണു നാവികര്‍ ചെയ്തതെന്നും വെടിവയ്പ്പു നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ലെന്നു കാട്ടി ഹൈക്കോടതിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ സൊഹൈല്‍ ദത്ത് വാദിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 3.15 ഓടെയാണ് പ്രതികളെ കൊല്ലം കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ പട്ടാളക്കാരാണെന്നും ഇറ്റാലിയന്‍ നിയമപ്രകാരമുള്ള  പരിഗണന നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന്  പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇറ്റാലിയന്‍ നാവികര്‍ ഇന്നലെ ജയിലില്‍ കയറാതെ പ്രതിഷേധിച്ചു. ജയിലില്‍ സൗകര്യം കുറവാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവര്‍ക്കു പിന്തുണയുമായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയുമെത്തി.

ഇന്നലെ രാത്രി ഏഴു കഴിഞ്ഞപ്പോള്‍ കൊല്ലത്തു നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ ലസ്‌തോറെ മാസിമിലിയാനോയും സാല്‍വത്തോറെ ജിറോണും  പുലര്‍ച്ചെ രണ്ടിനാണ് ഉപാധികളോടെ ജയില്‍ മുറിയില്‍ കയറിയത്. അധികൃതര്‍ ബലം പ്രയോഗിക്കും എന്ന ഘട്ടത്തിലാണ് ഇവര്‍ ജയിലില്‍ കയറിയത്. അഞ്ചു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് നാവികരെ ഇന്നലെ ജയിലില്‍ എത്തിച്ചത്.

ജയിലിനു പുറത്ത് ഇവരെ പാര്‍പ്പിക്കണമെന്നു കാട്ടി ജയില്‍ എ.ഡി.ജി.പിക്ക് അപേക്ഷ നല്‍കുമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 നാണ് കേരളതീരത്തു രണ്ടു മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലായ ‘എന്റിക്ക ലെക്‌സി’യില്‍നിന്നു വെടിയേറ്റു മരിച്ചത്.

Malayalam news

Kerala news in English