തിരുവനന്തപുരം:കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരുടെ വാദം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. നയതന്ത്ര ബന്ധത്തിന്റെ പേരില്‍ ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല.

ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സംഭവത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേരളത്തിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നിയമത്തിന് വിധേയരാകണമെന്നാണ് ഇറ്റലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് ചൈനീസ് കപ്പലിടിച്ചുണ്ടായ ദുരന്തത്തില്‍ 25 ലക്ഷം രൂപ കെട്ടിവെച്ച് കപ്പലിനെ പോകാന്‍ അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ സുരക്ഷയ്ക്കായി പത്ത് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കും. അവിടെ നാല് ഹോം ഗാര്‍ഡുകളെയും നിയമിക്കും. കോസ്റ്റല്‍ ഹോം ഗാര്‍ഡുകളായി തീരദേശ സ്റ്റേഷനുകളില്‍ മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.

പി.കെ. ഗുരുദാസന്‍ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഇറ്റലി എന്നു കേള്‍ക്കുമ്പോള്‍ ഭരണപക്ഷത്തിന് മുട്ടുവിറയ്ക്കുകയാണെന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് പി.കെ. ഗുരുദാസന്‍ നടത്തിയത്.