കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയുതിര്‍ത്ത കേസില്‍  കൊലചെയ്യപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനുള്ള തീരുമാനം മാനുഷിക പരിഗണന വെച്ചാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ മിസ്തൂരെ പറഞ്ഞു.

നഷ്ടപരിഹാരത്തുക നല്‍കിയതും കൊലപാതകവുമായി ബന്ധമില്ല. കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നാണ് ഇറ്റലിയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സി.ജെ.എം കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും മുപ്പതില്‍പ്പരം തെളിവുകളും കുറ്റപത്രത്തിലുണ്ട്.

ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രൂപ്പ് കമാഡന്റ് മാസിമിലിയാനോ ലസ്‌തോറെയാണ് ഒന്നാം പ്രതി. കൊലപാതകം, വധശ്രമം തുടങ്ങി കടലിലെ സുരക്ഷിത യാത്ര തടയുന്നതിനെതിരെയുള്ള സുവ ആക്ട് വരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.