തിരുവനന്തപുരം:ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത ആദ്യമായി കരയില്‍ അറിയിച്ചത് ഇന്നു അപകടത്തില്‍പ്പെട്ട ഡോണ്‍ എന്ന ബോട്ടിലെ മരിച്ച ജസ്റ്റിന്‍.

വലിയൊരു കപ്പലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും കപ്പലിന്റെ മുകള്‍ ഭാഗവും താഴ്ഭാഗവും ചുവപ്പാണെന്നും അടിത്തട്ട് കറുപ്പാണെന്നുമുള്ള വിവരം വയര്‍ലെസ് സെറ്റിലൂടെ നീണ്ടകരയിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറിയിച്ചത് ജസ്റ്റിനായിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റു ഗാര്‍ഡും നേവിയിയും തിരിച്ചല്‍ ആരംഭിച്ചതും കൊച്ചിയ്ക്ക് സമീപം വച്ച് കപ്പല്‍ കണ്ടെത്തുകയും ചെയ്തത്. സെന്റ് ആന്റണീസിലെ വെടിയേറ്റ തൊഴിലാളികളെ കരയ്‌ക്കെത്തിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ പോലീസുകാര്‍ക്കൊപ്പം ജസ്റ്റിനുള്‍പ്പടെയുള്ള മുഴുവന്‍ തൊഴിലാളികളുമുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും ഭക്ഷണവും വെള്ളവും  നല്‍കിയതും ഇവരായിരുന്നു. പിന്നീടാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അപകട സ്ഥലത്തെത്തിയത്.

സെന്റ് ആന്റണീസ് എന്ന ബോട്ടിലെ തൊഴിലാളികളെയാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ വെടിവച്ച് കൊന്നത്. ഇന്നലെ ഡോണ്‍ ബോട്ടിനെ കപ്പലിടിച്ചു തകര്‍ത്തുവെന്ന വിവരം മറൈന്‍ എന്‍ഫോഴ്‌സ് മെന്റിനെ അറിയിച്ചത് സെന്റ് ആന്റണീസ് എന്ന കപ്പലായിരുന്നു എന്നത് ഇതിനുള്ളിലെ മറ്റൊരു വിചിത്രസംഭവം കൂടിയായി.
അതേസമയം കപ്പലിടിച്ചു ബോട്ട് അപകടം ഉണ്ടായതില്‍ പ്രതിഷേധിച്ച് നാളെ തീരദേശ മേഖലയില്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ ഉപരോധിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ചു കൊല്ലം കലക്ടറുടെ വാഹനം തടഞ്ഞു.കപ്പല്‍ നിയമലംഘനം നടത്തിയോ എന്നു പരിശോധിക്കുമെന്നു തോട്ടപ്പള്ളി സന്ദര്‍ശിച്ച മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളായ സേവ്യര്‍, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ക്ലീറ്റസ്, സന്തോഷ് എന്നിവരുള്‍പ്പെടെ മൂന്നു പേരെ കാണാതായിട്ടുണ്ട്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഏഴു പേരാണ് ബോട്ടിലുണ്ടായിരുന്നത്.

കൊല്ലം കോവില്‍ത്തോട്ടത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഡോണ്‍ ഒന്ന് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ആലപ്പുഴയില്‍ നിന്ന് 32 നോട്ടിക്കല്‍ മൈല്‍ അകലെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടമുണ്ടായത്. ഇടിച്ച കപ്പലിനായി തിരച്ചില്‍ തുടരുകയാണ്.

Malayalam news

Kerala news in English