കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കേസില്‍ നിന്ന് പിന്‍മാറി. ഹൈക്കോടതി ലോക് അദാലത്തിലാണ് ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാറും ധാരണയിലെത്തിയത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി വീതം നല്‍കാന്‍ തീരുമാനമായി. ബന്ധുക്കളും ഇറ്റാലിയന്‍ സര്‍ക്കാറും ഇതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. അതേസമയം കൊലപാതകക്കേസില്‍ പ്രധാന എതിര്‍ കക്ഷിയായ സര്‍ക്കാറിന് കേസുമായി മുന്നോട്ട് പോകാം.

അതേസമയം ഹൈക്കോടതിയില്‍ കേസ് വിചാരണ പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ഗോപിനാഥന്‍ പ്രതികളുടെ അഭിഭാഷകരോട് ചോദിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കേസ് ആയതിനാല്‍ അന്തിമ വിധി സുപ്രീം കോടതിയില്‍ മാത്രമേ ഉണ്ടാവൂവെന്നതിനാലാണ് അങ്ങിനെ ചെയ്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് കാണിച്ച് ഇറ്റാലിയന്‍ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ റോസമ്മയ്ക്കും രണ്ട് മക്കള്‍ക്കും അജീഷ് പിങ്കുവിന്റെ രണ്ട് സഹോദരിമാര്‍ക്കും ഒരു കോടി രൂപ വീതം നല്‍കാനാണ് ഇപ്പോള്‍ ധാരണയായത്. ഒത്തു തീര്‍പ്പിന്റെ ഭാഗമായി കേസില്‍ നിന്ന് പിന്‍മാറുന്നതായി കാണിച്ച് ബന്ധുക്കള്‍ നേരത്തെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി ലോക് വിഷയം ലോക് അദാലത്തിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇന്ന് ലോക് അദാലത്തിന് മുന്നിലാണ് ഇരുവരും ധാരണയില്‍ ഒപ്പുവെച്ചത്. കപ്പലില്‍നിന്നുള്ള വെടിയേറ്റ സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമക്ക് 17 ലക്ഷം നല്‍കാനും ധാരണയായിരുന്നു.

ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയും വിദേശകാര്യ ഉദ്യോഗസ്ഥരും മരിച്ചവരുടെ ബന്ധുക്കളും അഭിഭാഷകരുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് ഹരജികള്‍ പിന്‍വലിക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചത്. ചെറിയ തുകയാണ് ആദ്യം വാഗദാനം ചെയ്തതെങ്കിലും പിന്നീട് ഒരു കോടി നല്‍കാമെന്ന ധാരണയിലെത്തുകയായിരുന്നു.

കടലിലെ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ തയാറാക്കിയ എഫ്്.ഐ.ആറും നിയമനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കപ്പലിലെ സുരക്ഷാ ഗാര്‍ഡുകളായ ലെസ്‌റ്റോറി മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവരും ഇറ്റലി കോണ്‍സുല്‍ ജനറല്‍ ജാമ്പൗലോ കുട്‌ലിയോയും നല്‍കിയ ഹരജികളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കക്ഷി ചേരുകയായിരുന്നു. ഈ ഹരജി ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു.

Malayalam News

Kerala News in English