ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് ആയിരിക്കും അന്വേഷണം നടത്തുക. അതേസമയം, കപ്പല്‍ ജീവനക്കാരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ആവശ്യം ഇന്ത്യ തള്ളി. സംഭവത്തില്‍ ഇറ്റാലിയന്‍ അംബാസിഡറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തു.

കടല്‍ക്കൊളളക്കാരെന്ന് കരുതി സ്വയരക്ഷക്കാണ് വെടിവച്ചതെന്നാണ് ഇറ്റാലിയുടെ ന്യായീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും മല്‍സ്യത്തൊഴിലാളികള്‍ പിന്മാറാത്തതിനാലാണ് വെടിയുതിര്‍ത്തതെന്നും രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ വിശദീകരണം നല്‍കി. എന്നാല്‍ വെടിവെക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ നാവികസേനയെ വിവരം അറിയിക്കേണ്ടിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കമുള്ള ജീവനക്കാര്‍ സഹകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഇറ്റലി സ്ഥാനപതി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചതിന് കപ്പലിന്റെ ക്യാപ്റ്റനും മറ്റ് ജീവനക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിംഗ് അറിയിച്ചു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിമിനല്‍ നിയമം അനുസരിച്ചുള്ള നടപടികളായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നും വെടിയേറ്റ് മരിച്ചത്. ആലപ്പുഴ തീരത്തുനിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലില്‍ ആയിരുന്നു വെടിവെപ്പ്. കൊല്ലത്തുനിന്ന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചിലിനടുത്തുള്ള എരമത്തുറ സ്വദേശികളായ പിങ്കു എന്നിവരാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് കപ്പല്‍ കൊച്ചിയിലെത്തിക്കാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കി. കൊച്ചി ഹാര്‍ബര്‍ പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കപ്പില്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. അതിനിടെ ഇന്ത്യയിലെ ഇറ്റലി കോണ്‍സുലേറ്റ് ജനറല്‍ കൊച്ചിയിലെത്തി. സിറ്റി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയ അദ്ദേഹം നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയി.

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കപ്പല്‍ അധികൃതതില്‍ നിന്ന് ന്യായമായ ധനസാഹായം നേടുന്നതിന് സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് അറിയിച്ചു. കൊല്ലം ജില്ല കലക്ടര്‍ 10,000 രൂപ അടിയന്തിര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

മീന്‍പിടുത്തക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  മല്‍സ്യബന്ധന മേഖലയില്‍ നാളെ എ.ഐ.ടി.യു.സി. അനുകൂല സംഘടന  പണിമുടക്കിന് ആഹ്വാനം ചെയ്തു.

മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവം: കപ്പല്‍ജീവനക്കാര്‍ കസ്റ്റഡിയില്‍

Malayalam News

Kerala News In English