കൊച്ചി: നീണ്ടകരയ്ക്കടുത്ത് കടലില്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ വെടിയുതിര്‍ത്ത രണ്ട് ഇറ്റാലിന്‍ നാവികസേന ഉദ്യോഗസ്ഥര്‍ പോലീസ് കസറ്റഡിയില്‍. രേഖകളുടെയുംജീവനക്കാരെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ കടുംപിടുത്തം തുടരുന്നതാണ് കസ്റ്റഡിയിലെടുക്കുന്നത് വൈകാന്‍ കാരണം. മത്സ്യത്തൊഴിലാളികളെ വെടിവെച്ചവരാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കപ്പലിലെത്തി ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരുടെ മൊഴിയെടുത്തു. കപ്പലിന്റെ ക്യാപറ്റനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇറ്റാലിയന്‍ കോണ്‍സുലേറ്റിന്റെയും അഭിഭാഷകന്റെയും സാന്നിദ്ധ്യത്തിലാണ് മൊഴിയെടുത്തത്. കപ്പല്‍ജീവനക്കാരായ അഞ്ച് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാരെ അറസ്റ്റു ചെയ്യുന്നതിനായി രാവിലെ 11 മണിയോട് കൂടിയാണ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കപ്പലിലെത്തിയത് എന്നാല്‍ അന്തര്‍ദേശീയ കടലതിര്‍ത്തിയില്‍ നിന്നുമുണ്ടായ സംഭവമാണെന്നും അതിനാല്‍ അറസ്റ്റ് സ്വീകരിക്കാന്‍ തയ്യാറല്ലെന്നും കപ്പല്‍ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. നാവികരെ കൈമാറിയില്ലെങ്കില്‍ പോലീസ് ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കേസില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

പ്രശ്‌നത്തിന് അന്തര്‍ദേശീയ മാനം ഉള്ളതിനാല്‍ വളരെ കരുതലോടെയാണ് പോലീസ് നീങ്ങിയത്. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്നാണ് കപ്പലധികൃതര്‍ പോലീസിനെ അറിയിച്ചു. രേഖകള്‍ കൈമാറുന്നതിനും വിരോധമില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ജീവനക്കാരുടെ മൊഴിയെടുത്തത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇറ്റലിയിലും കേസെടുത്തിട്ടുണ്ട്.

വെടിവെച്ചശേഷം കപ്പല്‍ കേരള അതിര്‍ത്തിവിട്ട് എത്രദൂരമാണ് സഞ്ചരിച്ചതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇഇത് മനസിലാക്കാനുള്ള വോയേജ് ചാര്‍ട്ട് പോലീസ് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെയും നേവിയിലെയും നാല് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഇറ്റലിയില്‍ നിന്നെത്തി സിറ്റി പോലീസ് കമ്മീഷണറെ കണ്ടിരുന്നു. ഇവര്‍ കപ്പല്‍ജീവനക്കാരുമായും ആശയവിനിമയം നടത്തി. ദക്ഷിണമേഖല എ.ഡി.ജി.പി പി. ചന്ദ്രശേഖരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍, കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, ഇറ്റലിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ഗിയാംപോളോ കുറ്റില്ലോ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.